Wednesday, December 17, 2014

പുനരുദ്ധാരണം


ജനിമൃതികൾക്കിടയിലെവിടെയൊക്കെയോ വച്ച് ഉടലെടുത്ത
കർമ്മബന്ധങ്ങളുടെ സ്മരണിക. ഞങ്ങളുടെ ധർമ്മദൈവക്ഷേത്രം അല്ലെങ്കില്‍ കുടുംബക്ഷേത്രം!. ചുറ്റും തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങളുടെ സുഖശീതളിമക്ക് നടുവിൽ, ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളിക്കൂട്ടങ്ങളും പൊഴിഞ്ഞു വീണ  മഞ്ചാടിക്കുരുക്കളും സമ്പന്നമാക്കി നിർത്തിയ ഒരു കൊച്ചു ക്ഷേത്രം. വെട്ടുകൽ മതിലിനാൽ ചുറ്റപ്പെട്ട ആ ക്ഷേത്രത്തിനു വെളിയിൽ ഏതോ കാലത്തെ പിതൃക്കളുടെ കൽത്തറയുണ്ട്.മതിലിനോട് ചേര്‍ന്ന് പാവനമായ സര്‍പ്പത്തറ. വൻ വൃക്ഷങ്ങളിൽ നിന്ന് ഊർന്നിറങ്ങിയ വേരുകൾ അതിനെ തൊട്ടു നമസ്കരിച്ചു നിന്നു. ക്ഷേത്രമുറ്റത്ത്‌ വരയ്ക്കപ്പെട്ട തേജസ്സുറ്റ ഭദ്രകാളീരൂപത്തെ നോക്കി പാട്ടിന്‍റെ താളത്തിലും മേളക്കൊഴുപ്പിലും നൃത്തമാടിക്കൊണ്ട് പ്രകൃതി ഈശ്വരനിൽ ലയിക്കുന്ന അപൂർവ അനുഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പുണ്യസ്ഥലം !

ഒരുപാട് നാളുകൾക്ക് ശേഷം ഒരിക്കൽക്കൂടി ആ ക്ഷേത്രമുറ്റത്ത്‌ ഞാനെത്തി. അവിടെ ഞാന്‍ ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുനിൽക്കുമ്പോൾ ഒരു നിമിഷം, എനിക്ക് വഴി തെറ്റിയതാണോ എന്ന് പോലും സംശയിച്ചു!! എല്ലാം ശൂന്യം!! വള്ളിപ്പടർപ്പുകൾ ഉണങ്ങി നിൽക്കുന്നു .സർപ്പക്കാട് അപ്രത്യക്ഷമായിരിക്കുന്നു. സർപ്പക്കാടും വള്ളിപ്പടർപ്പുകളും ഇല്ലാതെ അനാഥമായി നില്ക്കുന്ന സർപ്പത്തറ . വരാനിരിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ ചിന്തയിലാണ്ട് , ജന്മാന്തരങ്ങളുടെ ഗർഭത്തിൽ നിന്ന് വലിച്ചിഴക്കപ്പെട്ട് ഇന്നീ മുറിവുണങ്ങാത്ത ചെമ്മണ്ണിലൂടെ നിസ്സഹായരായി നോക്കി കിടക്കുന്ന പിതൃക്കന്മാർ . ഏതു പുനരുദ്ധാരണത്തിന്‍റെ പേരിലാണോ ഈ ദുരവസ്ഥ!

വിശാലമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ ദൈവങ്ങൾ സ്വസ്ഥരാകുമോ ? ഇനിയുള്ള പുനരുദ്ധാരണം ശീതീകരിച്ച മുറികളിൽ ദൈവങ്ങളെ കുടിയിരുത്തിക്കൊണ്ടായിരിക്കും. പഴമയുടെ ഓർമ്മകൾ വിളിച്ചോതിയ വെട്ടുകൽ മതിലും ചുറ്റുമതിലിന് വെളിയിൽ വൃക്ഷത്തലപ്പിന്‍റെ ഛായയിൽ  സുഖകരമായ തണുപ്പേറ്റ് നിത്യ നിദ്രയിൽ കഴിഞ്ഞു വന്ന പിതൃക്കളും സർപ്പങ്ങളും ഇതെന്തു തോന്നിയവാസം എന്ന് അത്ഭുതം കൂറുന്നുണ്ടാകും .മനസ്സ് നീറ്റുന്ന കാഴ്ച!

ഇതെല്ലാം കഴിഞ്ഞ് ഇനിയിപ്പോ ഈ പരിസരത്തെങ്ങാനും ഒരു സർപ്പം വന്നാലോ, അതിനെ തല്ലിക്കൊല്ലുകേം ചെയ്യും. അതാണ്‌ മനുഷ്യർ. എന്തുകൊണ്ട് സർപ്പം? അതിനെ നമുക്ക് ഭയമാണ്. ' ഭയക്കുന്ന ഒന്നിനെ താണു കുമ്പിട്ട് പൂജിക്കുക' എന്നതാണല്ലോ അന്നും ഇന്നും എന്നും.  എന്തുകൊണ്ട് പൂച്ച, പട്ടി, പശു, ഉറുമ്പ് എന്നിങ്ങനെ എല്ലാ ജീവികൾക്കും മൂർത്തികളില്ല? ക്ഷേത്രങ്ങളിൽ സ്ഥാനമില്ല? എല്ലാം ഒരേ ശക്തി സ്വരൂപത്തിന്‍റെ കണികകളല്ലേ? ആ ചിന്തയുടെ വിത്തുകള്‍ കുഞ്ഞു ഹൃദയങ്ങളില്‍ പകര്‍ന്നുകൊടുക്കാന്‍ ഒരു ‘ഹൈന്ദവ”നെങ്കിലും മുന്നിട്ടിരുന്നെങ്കില്‍...  

അതെങ്ങനെയാ? ഇന്ന് മത്സരം അമ്പലങ്ങൾ തമ്മിലാണ്.ഏറ്റവും കൂടുതൽ പിരിച്ചെടുത്ത്‌ ഏറ്റവും ഭംഗിയായി, ക്ഷേത്ര സങ്കല്പ്പമേ മാറ്റി പുനരുദ്ധരിക്കുക. അതാണ്‌ വിധിക്കപ്പെട്ട ടാസ്ക്.! ഞങ്ങളുടെ ദൈവവും മോഡേണ്‍ ആവട്ടെ.   ഓരോ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും അതിനായി കിണഞ്ഞു പരിശ്രമിക്കുന്നു. രാപകലില്ലാതെ ഓടിനടക്കുന്നു.
ക്ഷമിക്കൂ കുഞ്ഞുങ്ങളേ .... നിങ്ങളുടെ രക്ഷിതാക്കൾ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾക്ക് പെറുക്കി നടക്കാൻ, സൂക്ഷിച്ചു വയ്ക്കാൻ ഇനി മഞ്ചാടി മുത്തുകളില്ല, കുന്നിക്കുരുക്കളില്ല. എല്ലാം ശൂന്യം. വെട്ടിത്തെളിച്ചു വെടിപ്പായി വെളുപ്പിച്ചു നിർത്തിയിരിക്കുന്ന ചുറ്റമ്പല ദൃശ്യം നടുനിശീഥിനിയിലും ഉച്ചവെയിലിൽ തിളങ്ങും പോലെ വ്യക്തമായി കാണാം.
ആരുടെയും മനസ്സ് വിങ്ങുന്നില്ലേ? ആർക്കും നൊന്തില്ലേ അവയെല്ലാം തകർത്തപ്പോൾ?കാലങ്ങളെ മറികടന്ന ശിലാ പ്രതിഷ്ഠകൾ ദൈവങ്ങളായി വാഴ്ത്തപ്പെടുമ്പോൾ ദൈവതുല്യമായ മനുഷ്യ മനസ്സുകൾ കല്ലായി തീരുന്നു. എന്തൊരു വിരോധാഭാസം!

      ഉമ ആര്‍

(Edited on 25/11/14)

No comments:

Post a Comment