Tuesday, July 13, 2021

ഇരുൾ മൂടുന്ന ജീവിതസായാഹ്നങ്ങൾ...


                      കാർമേഘം ഇരുൾ മൂടിയ പകലിൽ ഇടിയുടെ അകമ്പടിയോടെ കാറ്റിനൊപ്പം തോരാമഴ. ആട്ടിൻപറ്റം മഴ നനഞ്ഞു കുതിർന്ന് വീട് പറ്റാനായി വഴിയുടെ ഓരം ചേർന്ന് ഓടുന്നുണ്ട്.  പണ്ടെങ്ങോ മറഞ്ഞ ഏകാന്തമായ പകലിന്റെ ഓർമ്മകൾ...
 
                      ഭൂതകാലത്തിലൂടെ പാറിനടന്ന എന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് പെട്ടെന്ന് ഒരു സ്ത്രീ ഓഫീസിലേക്ക് കയറിവന്നു. നരച്ച സാരിയുടുത്ത്‌, പഴകിയ കുടയും ഒരു കവറും പിടിച്ച് അലസമായ നടത്തം. കയറിവന്നയുടൻ അവർ തന്റെ പേര് പറഞ്ഞു , 'മറിയക്കുട്ടി കുഞ്ഞിരാമൻ'. (യഥാർത്ഥ നാമം വെളിപ്പെടുത്താൻ മനസ്സനുവദിക്കാത്തതിനാൽ തൽക്കാലം ഞാനവരെ ഇങ്ങനെ വിളിക്കട്ടെ) 
 
                      വ്യത്യസ്തമായ ഒരു കോമ്പിനേഷനായതുകൊണ്ടാകാം ആ പേര് എന്നെ വല്ലാതെ ആകർഷിച്ചു. കോറോണക്കാലമായതിനാൽ എ ഇ പി എസ്സ് മുഖേന പോസ്റ്റോഫീസിൽ നിന്നു പെൻഷൻ കൈപ്പറ്റാം എന്ന വാർത്ത കേട്ട് വന്നതാണ്. അവർക്കു വേണ്ടതെല്ലാം അപ്പോൾ തന്നെ ചെയ്തുകൊടുത്തു. അവർ പോയ ശേഷവും എന്റെ ചിന്ത അവരുടെ പേരിനു പിന്നാലെ കുറെ സഞ്ചരിച്ചു. ഏതാണ്ട് എഴുപതോളം  വയസ്സു പ്രായമുള്ള ഒരാൾക്ക് ഈ പേര് കിട്ടണമെങ്കിൽ എത്രയോ വർഷം മുൻപ് സ്വന്തം നാടും വീടും ഇട്ടെറിഞ്ഞു ഇന്നാട്ടിലേക്ക് പോന്നിരിക്കും. സ്നേഹവും ബഹുമാനവും സഹതാപവും ചേർന്ന ഒരു വികാരമാണ് എനിക്കവരോട് തോന്നിയത്‌.
                       അന്ന് തുടങ്ങിയ പരിചയം പിന്നീടങ്ങു വളർന്നു. പോകെപ്പോകെ ഞാൻ മനസ്സിലാക്കി അവർ എനിക്ക് വെറുമൊരു കസ്റ്റമർ മാത്രമല്ല എന്ന്‌. തനിയെ നടക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം അമ്മമാരുടെ പ്രതിനിധിയായിരുന്നു അവർ. ഓരോ തവണ ഓഫീസിന്റെ പടിയിറങ്ങിപ്പോകുമ്പോഴും മനസ്സിൽ ഒരു പിടി കനൽ കോരിയിട്ട് നടന്നകന്ന ഒരമ്മ. വിറയാർന്ന  കൈകളോടും തളർന്ന മനസ്സോടും കൂടി എല്ലാ മാസവും "പൈസ വന്നോ മോളേ..." എന്ന ചോദ്യവുമായി അവർ പടികടന്നു വരുമ്പോൾ എന്റെ ഉള്ള് ഒന്നുലയും. മാസാവസാനമാകാതെ പെൻഷൻ എത്തില്ല എന്ന സത്യം മറന്നിട്ടോ അതോ വന്നിട്ടില്ലെന്നറിയാമെങ്കിലും പ്രതീക്ഷയുടെ ഒരു നേർത്ത തിരിനാളമെങ്കിലും തെളിഞ്ഞേക്കുമോ എന്നറിയുവാനോ, എന്തുതന്നെയായാലും മാസം പകുതിയോട് അടുക്കുമ്പോൾ മുതൽ അവർ വന്നു തുടങ്ങും. ആധാറും ഫോണും വാങ്ങി നോക്കിയ ശേഷം "വന്നിട്ടില്ലല്ലോ" എന്ന മറുപടി കേൾക്കുമ്പോൾ നെഞ്ചിൽ കൈ വച്ച് "ദൈവോമേ....." എന്നൊരു വിളിയുണ്ട്. സാക്ഷാൽ ദൈവം പോലും ചിന്തിച്ചുപോകും താനാണോ തെറ്റുകാരനെന്ന്.  രണ്ട്‌  ആൺ മക്കൾ ഉണ്ടെങ്കിലും പെൻഷൻ ഇല്ലെങ്കിൽ മുകളിലാകാശവും താഴെ ഭൂമിയും മാത്രം.  കേവലം ഈയൊരു അമ്മയല്ല, ഇതുപോലെ എത്രയോ നാടുകളിലായി എത്രയോ അമ്മമാർ! തല്ലിയോടിച്ച മക്കളോട് ഒരു പരിഭവവും മനസ്സിൽ സൂക്ഷിക്കാതെ അവർ നടക്കുന്നു. അനാഥമായ ഈ വാർദ്ധക്യം കാണുമ്പോൾ ഞാൻ ഓർക്കും ഇനിയും ഒരമ്മയെ ഇതുപോലെ കാണാൻ ഇട വരരുതേയെന്ന്. 

                ഓരോ തവണ വരുമ്പോഴും അവരുടെ ഓർമ്മയുടെ പാളികൾ ഓരോന്നായി അടർന്നുവീഴുന്നത് ഞാനറിഞ്ഞിരുന്നു. ഓരോ വരവിലും തന്റെ സ്വകാര്യ സ്വത്തുക്കൾ നഷ്ടപ്പെടുന്നതിൽ അവർ പരിതപിച്ചു. ഒരിക്കൽ തന്റെ നീരുവച്ചു വീർത്ത ചുണ്ടുകൾ പൊത്തി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു , 'വീണപ്പോ പല്ല് പോയി...' . നഷ്ടപ്പെട്ട പല്ലിനെക്കുറിച്ചോർത്തായിരുന്നു സങ്കടം മുഴുവൻ. തന്റെ വീഴ്ചകളെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല. നിലതെറ്റിയ കാലുകൾ വച്ച് വീണ്ടും വീണ്ടും അവർ നടന്നു, ഗതിമാറിയൊഴുകുന്ന ചിന്തകൾക്കൊപ്പം.

               അടുത്ത വരവ് എന്നെ വല്ലാതെ വേദനിപ്പിച്ചു. വീണ്‌ തലപൊട്ടി സ്റ്റിച്ച് ഇട്ടിരുന്നു. അന്ന് വീണതിലോ തലപൊട്ടിയതിലോ സ്റ്റിച്ച് ഇട്ടതിലോ അവർ വിഷമിച്ചില്ല. പക്ഷേ തന്റെ പ്രിയപ്പെട്ട മുടി മുറിക്കേണ്ടിവന്നത്‌ അക്ഷരാർത്ഥത്തിൽ അവരെ തളർത്തിക്കളഞ്ഞു. "ഇനി മുടി വരുമോ മോളേ..." എന്നവർ ആവലാതിപ്പെട്ടു. ഒന്നുകൊണ്ടും പേടിക്കണ്ട. മുടിയും നഖവുമൊക്കെ ഇനിയും വളർന്നുകൊള്ളും എന്ന് ആധികാരികമായിത്തന്നെ പറഞ്ഞ് സമാധാനിപ്പിച്ചു. 'ഒരു വടി കുത്തി നടന്നാൽ വീഴാതിരിക്കില്ലേ' എന്ന എന്റെ ചോദ്യത്തിന്‌ തെല്ലൊരു നാണത്തോടെ തലകുനിച്ച് അവർ പറഞ്ഞതെന്തെന്നോ? "ആളുകൾ കണ്ടാൽ കുറച്ചിലല്ലേ..." എന്ന്!  വാക്കുകൾ ചിലനേരം അധികപ്പറ്റാണ്‌. വെറുതേ ചേർത്ത് പിടിച്ച് നിർത്താൻ തോന്നിയ നിമിഷമായിരുന്നു അത്‌.  അതെങ്ങനെ? മുഖം കാണാൻ പോലും സാധിക്കാത്ത കൊറോണക്കാലത്ത് ഒന്നു കൈപിടിച്ച് ആശ്വസിപ്പിക്കുക എന്നതു പോലും ചിന്തിക്കേണ്ടല്ലോ. ' നാട്ടുകാരെയല്ല നോക്കേണ്ടത്, മറിച്ച് സ്വന്തം ആരോഗ്യമാണ് ' എന്നതിനെപ്പറ്റി ചെറിയൊരു ക്ലാസ്സെടുത്തുകൊടുത്തു. കോളേജിലെ കുട്ടികളുടെ മുന്നിലല്ല, എഴുപതുകളിലൂടെ സഞ്ചരിക്കുന്ന ഒരമ്മയ്ക്ക്  മുന്നിലാണ് ഞാൻ നിൽക്കുന്നതെന്ന് ഓർക്കേണ്ടതായിരുന്നു. പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട്‌ തലയാട്ടി , ഒരു ചെറു ചിരിയോടെ അവർ അവിടെനിന്നുമിറങ്ങി. കഴിവതും പുറത്തിറങ്ങാതിരിക്കാൻ ഞാൻ പറയുമ്പോഴും മുന്നിൽ വലിയൊരു ചോദ്യം കിടപ്പുണ്ട്. ' പിന്നെ സ്വന്തം ആവശ്യങ്ങൾക്ക് വേറെയാര്?!' കാലിടറിയും വീണും ഇരുന്നും കിടന്നും അവർ വീണ്ടും സഞ്ചരിച്ചു.

                    ഒരിക്കൽക്കൂടി അവർ വീണു. ഇത്തവണ കാലൊടിഞ്ഞു കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണെന്നറിഞ്ഞത് അമ്മയുടെ പെൻഷൻ എടുക്കാൻ വെപ്രാളപ്പെട്ടു വന്ന മകനിൽനിന്നാണ്. ഇനി വരുമ്പോൾ വടി കുത്തി നടക്കാത്തതിന് സ്നേഹത്തോടെ ഒരു ശകാരം ബാക്കിവച്ചിരുന്നു. അതിനായി ഞാൻ കാത്തിരുന്നു. പക്ഷേ, ശകാരത്തിനോ സഹായത്തിനോ ഒരിക്കൽകൂടി കൈനീട്ടാൻ അവർ ഒരുക്കമായിരുന്നില്ല. ഇനിയൊരു പെൻഷനുകൂടി കാത്തുനിൽക്കാതെ അവശതകളിൽ നിന്ന്‌, ജീവിതത്തിന്റെ ഊരാക്കുടുക്കുകളിൽ നിന്ന്‌ അവർ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയർന്നു. അവർക്കായ്‌ ഞാൻ കാത്തുവച്ച സ്നേഹം ഒരു കണ്ണീർക്കണമായ് എന്റെ കണ്ണുകളിൽ ഉരുണ്ടുകൂടി, പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന ഇടവപ്പാതി പോലെ...

                                                                    ഉമ. ആർ