നമ്മുടെ
സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ വിലയിരുത്തപ്പെടുന്നത് പഠനമേഖലകളില്‍ അവര്‍ക്ക്
കിട്ടുന്ന അംഗീകാരത്തിന്റെയും കഴിവിന്റെയും പേരിലാണ്.പഠനമികവ് മാത്രമാണോ ഒരാളെ
വിലയിരുത്താനുള്ള മാനദണ്ഡം? പഠനവൈകല്യങ്ങളുടെ പേരില്‍ പരിഹാസ്യനാക്കപ്പെടുന്ന,
ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഒരു കുട്ടി, മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത
കഴിവുകള്ക്കുടമയായിരിക്കാം. പ്രകൃതിയെ അറിയാതെ പുസ്തകവും ഇന്റര്‍നെറ്റും മാത്രം വച്ചുനീട്ടുന്ന
അറിവിന്റെ ലോകത്ത് കുരുങ്ങിക്കിടക്കുമ്പോള്‍ അറിയണം ഇവയേതുമില്ലാതെ,
മത്സരയോട്ടങ്ങളില്ലാതെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവരുടെ ഒരു
ലോകമുണ്ടെന്ന്.
ഒരിക്കല്‍
കോളേജില്‍നിന്ന് സോഷ്യല്‍ സര്‍വീസിന്റെ ഭാഗമായി കുട്ടികളോടൊപ്പം പത്താം മൈലില്‍
ഉള്ള ‘മദര്‍ കെയര്‍ റീഹാബിലിറ്റെഷന്‍’ സെന്റര്‍ സന്ദര്‍ശിച്ചു. അന്ന്
ഏതാണ്ട് ഉച്ചയോടെ അവിടെയെത്തിയ ഞങ്ങളെ അവിടുത്തെ ടീച്ചറമ്മയാണ്
സ്വീകരിച്ചത്. വിരല്‍ത്തുമ്പില്‍ അവരോടു ഒട്ടിച്ചേര്‍ന്ന് ഒരു കുരുന്നും ഉണ്ടായിരുന്നു.
പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ തുടക്കമിട്ട ഒരു ആശയം അതിന്റെ എല്ലാ പൂര്‍ണ്ണതയിലും
എത്തിനില്‍ക്കുന്നത് ഞങ്ങളവിടെ കാണുകയായിരുന്നു. ഇപ്പോഴുള്ള പന്ത്രണ്ട് വിശേഷരത്നങ്ങള്ക്കൊപ്പം
ടീച്ചറുടെ കുടുംബവും സന്തോഷത്തോടെ; സംതൃപ്തിയോടെ കഴിയുന്നു. എറണാകുളത്താണ് ഈ
സംരംഭം തുടങ്ങിയതെങ്കിലും നഗരത്തിന്റെ അസഹ്യമായ തിരക്കുകളില്‍ നിന്നകന്ന് സമാധാനവും
സ്വസ്ഥതയും അന്വേഷിച്ച് കുഞ്ഞുങ്ങള്‍ക്കൊപ്പം അവര്‍ എത്തിയത് ഈ നാട്ടിന് പുറത്തിന്റെ
പ്രശാന്തതയിലേക്കാണ്. മെയിന്‍ റോഡില്‍ നിന്ന് അകന്ന് വളരെ ഒതുങ്ങിയ ഒരിടത്താണ് ഈ പറഞ്ഞ
‘വീട്’.അവര്‍ ഈ നാട്ടുകാരായിത്തീര്ന്നിട്ട്
ഇപ്പോള്‍ ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ അവര്‍ സ്വസ്ഥരാണ്, സ്വതന്ത്രരാണ്,
സന്തോഷവാന്മാരാണ്...
ടീച്ചര്‍
ഞങ്ങളെ നേരെ അവിടുത്തെ സ്വീകരണമുറിയില്‍ കൊണ്ടിരുത്തി. അവരോട് സംസാരിച്ചിരിക്കെ പതുക്കെപ്പതുക്കെ
അവിടുത്തെ ഓരോരുത്തരെയായി ഞങ്ങള്‍ കണ്ടുതുടങ്ങി. ആദ്യം ഞങ്ങള്‍ക്കിടയിലെക്ക് കടന്നുവന്നത്
റോഷന് എന്ന മിടുക്കനാണ്. കുറേ നാളുകള്‍ക്കുശേഷം ശേഷം അറിയാതെ ഞാന്‍ ഉള്ളു തുറന്ന് ചിരിച്ചു.
എന്തിനെന്നറിയാതെ മരവിച്ചിരുന്ന എന്റെ മനസ്സ് ശാന്തമാവാന്‍ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
കണ്ടുതുടങ്ങി. അങ്ങനെയിരിക്കെ ഞങ്ങള്‍ക്കിടയിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ, ഉറക്കെ
ചിരിച്ചുകൊണ്ട് ഒരു കുട്ടി ഓടി വന്നു. അവന് ഞങ്ങളുടെ ഓരോരുത്തരുടെയും മടിയില്‍
ഇരുന്ന് വാച്ചും പേഴ്സും മൊബൈല്‍ഫോണും പരതി.ആദ്യ പരിഭ്രമം പെട്ടെന്ന് മാറി പതിയെ
ഞങ്ങളും അവരിലൊരാളായി മാറി.പതുക്കെ പതുക്കെ ഭയം സ്നേഹത്തിലേക്ക് വഴിമാറുന്നത്
ഞാനറിഞ്ഞു. ഭയവും സ്നേഹവും ഇരുളും വെളിച്ചവും പോലെയാണ്. ഭയം ഇല്ലാതാവുമ്പോള്‍
അവിടെ സ്നേഹം നിറയുന്നു. അവിടുന്നങ്ങോട്ട് ഞങ്ങള്‍ അവരോടൊപ്പം ചെലവഴിച്ച
മണിക്കൂറുകള്‍ വെറും നിമിഷങ്ങളായി പറന്നുപോയി.വിശപ്പും ദാഹവും മറന്ന് അവരോടൊപ്പം കളിച്ചും
പാട്ട് പാടിച്ചും കളര്‍ ചെയ്യിച്ചും നിഷ്കളങ്കമായ അവരുടെ സ്നേഹത്തില്‍ സ്വയം
മറന്നുപോയി. ചിലര്‍ കയ്യില്‍ പിടിച്ചു വലിച്ചും മടിയില്‍ കയറി മൊബൈല്‍
തട്ടിപ്പറിച്ച് പേടിപ്പിച്ചും മറ്റുചിലര്‍ ഉത്തരവാദിത്തം പൂര്‍ണ്ണമായി വഹിച്ചും
അവിടുത്തെ ടീച്ചറമ്മയെ ഭയന്നും സ്നേഹിച്ചും അവര്‍ അവിടെ ഞങ്ങള്‍ക്കൊരു പുതിയ ലോകം
കാണിച്ചുതന്നു. അവര്‍ക്ക്
ഇടതുകയ്യെന്നോ വലതുകയ്യെന്നോ ഉള്ള വ്യത്യാസങ്ങളില്ലെന്ന് ഞാനറിഞ്ഞു. മനുഷ്യന്
പടച്ച പല നിയമങ്ങളുടെയും അര്‍ത്ഥമില്ലായ്മയെക്കുറിച്ച് അറിയാതെ ഓര്‍ത്തുപോയി. വളരെ
നിസ്സാരമായ ജീവിതാനുഭവങ്ങള്‍ പോലും തിരുത്താനാവാത്ത കാര്യങ്ങളായി ചിന്തിച്ച്
വ്യസനിച്ച് കര്‍മ്മങ്ങള്‍ മറന്ന് അനാവശ്യവാശികളും ചിന്തകളുമായി മറ്റുള്ളവരെക്കൂടി
ബുദ്ധിമുട്ടിച്ച്, ഉള്ള കഴിവുകളില്‍ തൃപ്തിപ്പെടാതെ കഴിവില്ലാത്തവളായി സ്വയം
ചിത്രീകരിച്ചു ജീവിക്കുന്ന ഞാനോ സ്വന്തം കാര്യങ്ങള്‍; പ്രാഥമികകൃത്യങ്ങള്‍ പോലും
ചെയ്യാനറിയാതിരുന്നിട്ടുകൂടി പരാതികളെതുമില്ലാതെ ജീവിക്കുന്ന അവരോ ഭേദം! പരാതികള്‍ക്ക്
മുകളില്‍ പരാതികളായി ഓരോ ദിവസവും എണ്ണി തീര്‍ക്കുന്ന ഞങ്ങളിലേക്ക് പരാതികള്‍ക്ക്
കാത്തുനില്‍ക്കാതെ കടന്നുവന്നവര്‍ ഇവരൊക്കെയാണ്....
ഒരു
സെക്കന്റ് പോലും വിശ്രമമില്ലാതെ എന്തെല്ലാമോ പരതി, എങ്ങോട്ടൊക്കെയോ ഓടിനടക്കുന്ന
കുറുമ്പന് എല്‍ദോസ്, മൊബൈല്‍ തട്ടിപ്പറിച്ച് ഓടിക്കളയും എന്ന കാരണത്താല്‍
ഇവിടെയെത്തി. അവന്റെ അമ്മയും മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ട്. അവന് ഓടിവന്നു
മടിയിലിരിക്കും. വാച്ച് അഴിച്ചെടുക്കും. എന്തിനോ വേണ്ടി സമയം ശരിയാക്കും.
എന്നിട്ട് ആര്‍ക്കും പിടി കൊടുക്കാതെ എങ്ങോട്ടോ ഓടിക്കളയും. ഞങ്ങള്‍ അവനോട്
വളരെയേറെ സംസാരിച്ചു, കഴിക്കാന്‍ വിളിച്ചു. അവന് ശ്രദ്ധിച്ചതേയില്ല. അവന്
അങ്ങനെയായിരിക്കും എന്ന് സമാധാനിച്ചു നിന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ എല്ലാവരും ഊണുമുറിയില്‍ നിരന്നിരുന്നു. ഉടന്‍
ടീച്ചര്‍ അവനെ അടുത്തുചെന്ന് തൊട്ടു വിളിച്ചു. ഭക്ഷണം കഴിക്കാം എന്ന് ആഗ്യം
കാണിച്ചു. അത് കണ്ടപാടെ അവന് ഓടി വന്നിരുന്നു കഴിക്കാന്‍ തുടങ്ങി. ഒന്നും
മിണ്ടാനാവാതെ ഞെട്ടിത്തരിച്ചു നോക്കിനിന്ന ഞങ്ങള്‍ക്ക് അപ്പോള്‍ മാത്രമാണ്
പറ്റിപ്പോയ അബദ്ധം അല്ലെങ്കില്‍ തെറ്റിദ്ധാരണ മനസ്സിലായത്. അവന് ചെവികേള്‍ക്കില്ല.
സംസാരിക്കില്ല. നന്നായി നിറഞ്ഞ ചിരി ചിരിക്കും.ആ ചിരിയില്‍ എല്ലാമുണ്ട്.
ആദ്യംമുതല്‍ ഞങ്ങള്‍ അവനോടായി പറഞ്ഞതത്രയും വെള്ളത്തില്‍ വരച്ച വരയായിരുന്നുവല്ലോ
എന്നോര്‍ത്തുപോയി. നമ്മള് എത്ര നിസ്സാരരാണ്. എല്ലാം ഉണ്ടായിട്ടുകൂടി മുന്നില്‍
കാണുന്ന ചെറിയ കാര്യം പോലും നിരീക്ഷിക്കാനോ മനസ്സിലാക്കാനോ ആവുന്നില്ലല്ലോ.
ഞങ്ങള്‍ ആദ്യം കണ്ട കുട്ടി ; ടീച്ചറോട് ഒട്ടിനിന്ന കുഞ്ഞു
അലന്, രണ്ടര വര്‍ഷം മുന്‍പ് മദര്‍ കെയറില്‍ എത്തിയ ഏറ്റവും ഇളയ കുഞ്ഞാണ്. സ്വയം
ഉപദ്രവിക്കുന്നതുകൊണ്ട് കൈകള്‍ പുറകില്‍ കെട്ടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ സ്വന്തം
തല ഭിത്തിയിലോ നിലത്തോ ഇടിപ്പിച്ച് ഇടിപ്പിച്ച് പൊട്ടിയ പാടുകള്‍ അവന്റെ
നെറ്റിയില്‍ മായാതെ കിടക്കുന്നുണ്ട്. പക്ഷെ മനസ്സില്‍ നിന്നും അവ
മാഞ്ഞുപോയിരിക്കുന്നു എന്ന് പറയുമ്പോള്‍ ടീച്ചറുടെ മുഖത്ത് ഒരു ആശ്വാസവും
പ്രതീക്ഷയും മിന്നിമാഞ്ഞു. അവന് സംസാരിക്കില്ല, ഒച്ച വയ്ക്കും. സ്വയം
മുഖത്തടിക്കുക എന്നതാണ് ആശയങ്ങള്‍ കൈമാറാനുള്ള അവന്റെ മാര്‍ഗ്ഗം. അത്
വിശന്നിട്ടാണോ അതോ മറ്റെന്തെങ്കിലും ആവശ്യമാണോ എന്ന് ടീച്ചറമ്മക്കറിയാം. പിന്നെ
ഞങ്ങള്‍ കണ്ട റോഷന് അവിടുത്തെ മിടുക്കനായ അത്യാവശ്യം മുതിര്‍ന്ന കുട്ടിയാണ്.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നതിനെ കടത്തിവെട്ടുന്ന നല്ല പെരുമാറ്റം. തിങ്കള്‍,
ചൊവ്വ, ബുധന്‍.... എന്നിങ്ങനെ ദിവസങ്ങള്‍ അറിയില്ല എന്നതാണ് അവന്റെ പ്രശ്നം.
അല്ലെങ്കിലും ഇന്ന് തിങ്കളാഴ്ചയായാലെന്ത്? ചൊവ്വാഴ്ചയായാലെന്ത്? ചെയ്യേണ്ടത്
ചെയ്യണ്ടേ? അതവന് തെറ്റാതെ ചെയ്യുന്നുണ്ട്. അവിടെ ഓരോരുത്തര്‍ക്കും ചെറിയ ചെറിയ
ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് വരുന്ന കുട്ടികളുടെ
ബ്രഷില്‍ പേസ്റ്റ് പുരട്ടി വക്കുന്നത് റോഷനാണ്. എല്ലാ ജോലികളിലും അവന് പെര്‍ഫെക്റ്റ്
ആണ്. ലിജോയാണ് അവിടുത്തെ ഏറ്റവും ഉത്തരവാദിത്തമുള്ളവന്‍. പുത്തന്‍കുരിശ് എം.ജി.എം സ്കൂളില്‍
പഠിച്ചു. ഐ.ഇ.ഡി. ക്യാറ്റെഗറിയില്‍ പരീക്ഷയും എഴുതി. കഷ്ടിച്ച് സ്വന്തം പേരെഴുതും.പക്ഷെ
അവന് എഴുതിയത് അവ ന്റെ പേരാണെന്നോ അതെങ്ങിനെ വായിക്കണമെന്നോ ആ കുഞ്ഞിനു അറിയില്ല.കടയില്‍
പോകാനും സാധനങ്ങള്‍ വാങ്ങി വരാനും സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകാനും എല്ലാം
മിടുക്കനാണവന്‍.
അങ്ങിനെ ഓരോ കുട്ടികളുടെയും പ്രത്യേകതകളും കുടുംബ പശ്ചാത്തലങ്ങളും
വിശേഷങ്ങളും ടീച്ചര്‍ ഞങ്ങളുമായി പങ്കുവയ്ക്കുന്നതിനിടെ “ സമയമിതപൂര്‍വ്വസായാഹ്നം...” എന്ന വരികള്‍ എവിടെ നിന്നോ കേട്ട്
ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോഴേക്കും അവന് ഞങ്ങളുടെ കണ്‍വെട്ടത്തുനിന്ന്
ഓടിയൊളിച്ചിരുന്നു. ടീച്ചര്‍ അവനെ വിളിച്ചു ഞങ്ങളുടെ മുന്പില് നിര്‍ത്തിക്കൊണ്ട്
പറഞ്ഞു “ഇവനാണ് ജസ്വിന്.
ഞങ്ങളുടെ വീട്ടിലെ ഗായകന്!” നെറ്റിയില്‍ വലതുവശം ചേര്‍ന്ന് ഒരു
ചെറിയ പൊട്ടുംതൊട്ട് നാണിച്ച് ടീച്ചറുടെ പിന്നിലൂടെ അടുത്തുള്ള മുറിയിലൊളിച്ചു.
ഒളിച്ചും പിടിച്ചും പതിയെപ്പതിയെ ഞങ്ങള്‍ കൂട്ടായി. ആര് വന്നാലും ജസ്വിന് ആദ്യം
തന്നെ വീടെല്ലാം കൊണ്ടുനടന്ന് കാണിച്ചുകൊടുക്കും. അത് അവന്റെ ശീലമാണ്. അവരെല്ലാം
കൂടി വളര്‍ത്തുന്ന മുയലിന്റെ ചോരക്കുഞ്ഞുങ്ങളെ വളരെ ഉത്സാഹത്തോടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ചില സമയങ്ങളില്‍ മറ്റുള്ളവരെ കാണുമ്പോള്‍ അവരുടെ കണ്ണില്‍
കുത്താന്‍ ഉള്ള പ്രവണതയാണ് അവന്റെ
പ്രശ്നം. നമ്മളാരും കാണാത്ത എന്താണാവോ അവന് മറ്റു കണ്ണുകളില്‍ കാണുന്നത്? ജസ്വിന്
ഇടക്കിടെ പല ശ്രുതികളില്‍ പല താളത്തില്‍ പലവുരു ആവര്‍ത്തിക്കും “വേന്ത....വേ..ന്ത........വേ.....ന്താ...” അതിലും ഉണ്ട് ജന്മനാ അവനില്‍
അലിഞ്ഞുചേര്‍ന്ന സംഗീതം! അവന് വേണ്ടാത്തത് എന്താണെന്നോ? നമ്മള് ചെയ്തു
കൊടുക്കുന്ന കാര്യങ്ങള്‍! അവന് സ്വയംപര്യാപ്തനാണ്. എല്ലാം തനിയെ ചെയ്യണം.
അത്രേയുള്ളൂ. നമ്മളോ? എന്തു കാര്യം തന്നെയാവട്ടെ ആരെങ്കിലും ഒരാള്‍ ചെയ്തു തന്നാല്‍
അത്രേം സന്തോഷം. ജസ്വിന് എല്ലാ പാട്ടുകളും തനിയെ റേഡിയോ കേട്ടാണ്
പഠിച്ചെടുക്കുന്നത്. പ്രാര്‍ത്ഥനാഗാനങ്ങളും സിനിമാഗാനങ്ങളും ഉള്‍പ്പെടെ ഒത്തിരി പാട്ടുകളറിയാം ജസ്വിന്. ഒരു
വരിപോലും തെറ്റാതെ നന്നായി പാടും. കിളി എന്നു കേട്ടാല്‍ അവന് ഉടന്‍ പാടും -“കിളിയെകിളിയേ.... മണി
മണിമേഘത്തോപ്പില്....” ഞങ്ങളെ
ഞെട്ടിച്ച് അവന് പാടിക്കൊണ്ടേയിരുന്നു.
ഇനിയുമുണ്ട് കുറേപ്പേര്; കുഞ്ഞു ജോയല്‍, നാക്ക് നീട്ടി
ഒച്ചയെടുത്തു നമ്മളെ പേടിപ്പിച്ച് പിന്നെ പെട്ടെന്ന് നിഷ്കളങ്കനായി ചിരിക്കുന്ന
ജോര്‍ജ്, ദേഷ്യം വന്നാല്‍ ഇരുന്ന ഇരുപ്പില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു കളയുന്ന
ഓട്ടിസം ഉള്ള ഒരു കുട്ടി.... അങ്ങനെ ആ നിര നീളുന്നു, മുപ്പത്തിരണ്ടുകാരനായ ഒരു ‘വല്യ കുട്ടി’ വരെ! മുതിര്‍ന്നതും അത്യാവശ്യം
കാര്യപ്രാപ്തിയുള്ളതുമായ കുട്ടികള്‍ മറ്റുള്ളവരെ സഹായിക്കും. അവര്‍ക്ക് പുറത്തുപോയി
സാധനങ്ങള്‍ വാങ്ങാനും യുക്തം പോലെ ബസ്സിലോ ഓട്ടോയിലോ തിരിച്ചു വരാനും അറിയാം.
രണ്ടുപേര്‍ ജോലി ചെയ്യുന്നുണ്ട്. ഒരാള്‍ പ്ലംബിംഗ് സഹായി, മറ്റേയാള്‍ വര്‍ക്ഷോപ്പില്‍
സഹായി. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ് ടീച്ചര്‍ അവിടെ
ചെയ്യുന്നത്.
ടീച്ചറമ്മ ഇവരുടെയെല്ലാം മാലഖയാണെന്നു തോന്നിപ്പോയി. രാപകല്‍
ഭേദമില്ലാതെ കൃത്യമായ ടൈം ടേബിള്‍ വച്ച് ചിട്ടയോടെ ഇത്രേം കുട്ടികളെ അടക്കി നിര്‍ത്തുന്നുണ്ടല്ലോ!
പത്തൊന്പത്വര്ഷങ്ങളാകുന്നു അവര്‍ ഈ സേവനത്തിലേക്ക് ഇറങ്ങിത്തിരിച്ചിട്ട് എന്നത്
വീണ്ടും അത്ഭുതത്തോടെ ഓര്‍ത്തുപോയി. ഭര്‍ത്താവും രണ്ട് ആണ്മക്കളും അടങ്ങുന്ന
കുടുംബം ഇവരോടൊപ്പമുണ്ട്. ഈശ്വരനിയോഗം എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ഈശ്വരന്റെ കളികള്‍ ചിന്തകള്‍ക്കും അപ്പുറത്താണല്ലോ! ടീച്ചറും കുടുംബവും ഈ
കുട്ടിക്കുറുമ്പന്മാരുമെല്ലാം ചേര്‍ന്ന് എന്റെ ഹൃദയത്തില്‍ അവരുടെ മായാത്ത കയ്യൊപ്പ്
പതിപ്പിച്ചുകഴിഞ്ഞു.
ഇന്ന് നമ്മുടെ സമൂഹത്തില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന ഒരു തോന്നല്‍.
സ്നേഹം, ദയ, പരസ്പരസഹകരണം, ക്ഷമ എന്നിവയെല്ലാം അര്‍ത്ഥമില്ലാത്ത വെറും വാക്കുകളായി
കടലാസുകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നുണ്ടോ?
എന്തുതന്നെയായാലും നമ്മള്
പണത്തിനു പിന്നാലെ ഓടുമ്പോള്‍ ഓര്‍ക്കേണ്ടത് ഇത്രമാത്രം. ‘പണത്തിനു നാളെ മൂല്യമില്ലാതായേക്കും,
പക്ഷെ സ്നേഹത്തിന്റെ മൂല്യം എന്നും കൂടുകേയുള്ളൂ.’ നമ്മുടെ കുഞ്ഞുങ്ങള്‍ സ്നേഹിക്കാന്‍ പഠിക്കട്ടെ. പരസ്പരം സഹായിക്കാനും
സഹകരിക്കാനും പഠിക്കട്ടെ. അവരിലാണ് ഈ നാടിന്റെ ഭാവി. എ.സി മുറികളിലിരുന്ന്ആര്ക്കോ
വേണ്ടി ജീവിതം ഹോമിക്കുക എന്നത് മാത്രമല്ല അന്തിമലക്ഷ്യമെന്ന് അവരറിയട്ടെ. പരസ്പരം
കഴിവിന്റെ ത്രാസുകളില്‍ തൂങ്ങിയാടാതിരിക്കട്ടെ. വിവേചനങ്ങളുടെ പേരില്‍ ജീവിതം
അവസാനിപ്പിക്കാതിരിക്കട്ടെ.......
(നന്ദി : ആറാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ കുട്ടികളോടും
ക്ലാസ്സ് ടീച്ചേര്‍സിനോടും - സോഷ്യല്‍ സര്‍വീസിന് മദര്‍ കെയര്‍
തിരഞ്ഞെടുത്തതിനും അതില്‍ ഒരു ഭാഗമാകാന്‍
ഞങ്ങള്‍ക്ക് അവസരം തന്നതിനും)