Tuesday, July 13, 2021

ഇരുൾ മൂടുന്ന ജീവിതസായാഹ്നങ്ങൾ...


                      കാർമേഘം ഇരുൾ മൂടിയ പകലിൽ ഇടിയുടെ അകമ്പടിയോടെ കാറ്റിനൊപ്പം തോരാമഴ. ആട്ടിൻപറ്റം മഴ നനഞ്ഞു കുതിർന്ന് വീട് പറ്റാനായി വഴിയുടെ ഓരം ചേർന്ന് ഓടുന്നുണ്ട്.  പണ്ടെങ്ങോ മറഞ്ഞ ഏകാന്തമായ പകലിന്റെ ഓർമ്മകൾ...
 
                      ഭൂതകാലത്തിലൂടെ പാറിനടന്ന എന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് പെട്ടെന്ന് ഒരു സ്ത്രീ ഓഫീസിലേക്ക് കയറിവന്നു. നരച്ച സാരിയുടുത്ത്‌, പഴകിയ കുടയും ഒരു കവറും പിടിച്ച് അലസമായ നടത്തം. കയറിവന്നയുടൻ അവർ തന്റെ പേര് പറഞ്ഞു , 'മറിയക്കുട്ടി കുഞ്ഞിരാമൻ'. (യഥാർത്ഥ നാമം വെളിപ്പെടുത്താൻ മനസ്സനുവദിക്കാത്തതിനാൽ തൽക്കാലം ഞാനവരെ ഇങ്ങനെ വിളിക്കട്ടെ) 
 
                      വ്യത്യസ്തമായ ഒരു കോമ്പിനേഷനായതുകൊണ്ടാകാം ആ പേര് എന്നെ വല്ലാതെ ആകർഷിച്ചു. കോറോണക്കാലമായതിനാൽ എ ഇ പി എസ്സ് മുഖേന പോസ്റ്റോഫീസിൽ നിന്നു പെൻഷൻ കൈപ്പറ്റാം എന്ന വാർത്ത കേട്ട് വന്നതാണ്. അവർക്കു വേണ്ടതെല്ലാം അപ്പോൾ തന്നെ ചെയ്തുകൊടുത്തു. അവർ പോയ ശേഷവും എന്റെ ചിന്ത അവരുടെ പേരിനു പിന്നാലെ കുറെ സഞ്ചരിച്ചു. ഏതാണ്ട് എഴുപതോളം  വയസ്സു പ്രായമുള്ള ഒരാൾക്ക് ഈ പേര് കിട്ടണമെങ്കിൽ എത്രയോ വർഷം മുൻപ് സ്വന്തം നാടും വീടും ഇട്ടെറിഞ്ഞു ഇന്നാട്ടിലേക്ക് പോന്നിരിക്കും. സ്നേഹവും ബഹുമാനവും സഹതാപവും ചേർന്ന ഒരു വികാരമാണ് എനിക്കവരോട് തോന്നിയത്‌.
                       അന്ന് തുടങ്ങിയ പരിചയം പിന്നീടങ്ങു വളർന്നു. പോകെപ്പോകെ ഞാൻ മനസ്സിലാക്കി അവർ എനിക്ക് വെറുമൊരു കസ്റ്റമർ മാത്രമല്ല എന്ന്‌. തനിയെ നടക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം അമ്മമാരുടെ പ്രതിനിധിയായിരുന്നു അവർ. ഓരോ തവണ ഓഫീസിന്റെ പടിയിറങ്ങിപ്പോകുമ്പോഴും മനസ്സിൽ ഒരു പിടി കനൽ കോരിയിട്ട് നടന്നകന്ന ഒരമ്മ. വിറയാർന്ന  കൈകളോടും തളർന്ന മനസ്സോടും കൂടി എല്ലാ മാസവും "പൈസ വന്നോ മോളേ..." എന്ന ചോദ്യവുമായി അവർ പടികടന്നു വരുമ്പോൾ എന്റെ ഉള്ള് ഒന്നുലയും. മാസാവസാനമാകാതെ പെൻഷൻ എത്തില്ല എന്ന സത്യം മറന്നിട്ടോ അതോ വന്നിട്ടില്ലെന്നറിയാമെങ്കിലും പ്രതീക്ഷയുടെ ഒരു നേർത്ത തിരിനാളമെങ്കിലും തെളിഞ്ഞേക്കുമോ എന്നറിയുവാനോ, എന്തുതന്നെയായാലും മാസം പകുതിയോട് അടുക്കുമ്പോൾ മുതൽ അവർ വന്നു തുടങ്ങും. ആധാറും ഫോണും വാങ്ങി നോക്കിയ ശേഷം "വന്നിട്ടില്ലല്ലോ" എന്ന മറുപടി കേൾക്കുമ്പോൾ നെഞ്ചിൽ കൈ വച്ച് "ദൈവോമേ....." എന്നൊരു വിളിയുണ്ട്. സാക്ഷാൽ ദൈവം പോലും ചിന്തിച്ചുപോകും താനാണോ തെറ്റുകാരനെന്ന്.  രണ്ട്‌  ആൺ മക്കൾ ഉണ്ടെങ്കിലും പെൻഷൻ ഇല്ലെങ്കിൽ മുകളിലാകാശവും താഴെ ഭൂമിയും മാത്രം.  കേവലം ഈയൊരു അമ്മയല്ല, ഇതുപോലെ എത്രയോ നാടുകളിലായി എത്രയോ അമ്മമാർ! തല്ലിയോടിച്ച മക്കളോട് ഒരു പരിഭവവും മനസ്സിൽ സൂക്ഷിക്കാതെ അവർ നടക്കുന്നു. അനാഥമായ ഈ വാർദ്ധക്യം കാണുമ്പോൾ ഞാൻ ഓർക്കും ഇനിയും ഒരമ്മയെ ഇതുപോലെ കാണാൻ ഇട വരരുതേയെന്ന്. 

                ഓരോ തവണ വരുമ്പോഴും അവരുടെ ഓർമ്മയുടെ പാളികൾ ഓരോന്നായി അടർന്നുവീഴുന്നത് ഞാനറിഞ്ഞിരുന്നു. ഓരോ വരവിലും തന്റെ സ്വകാര്യ സ്വത്തുക്കൾ നഷ്ടപ്പെടുന്നതിൽ അവർ പരിതപിച്ചു. ഒരിക്കൽ തന്റെ നീരുവച്ചു വീർത്ത ചുണ്ടുകൾ പൊത്തി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു , 'വീണപ്പോ പല്ല് പോയി...' . നഷ്ടപ്പെട്ട പല്ലിനെക്കുറിച്ചോർത്തായിരുന്നു സങ്കടം മുഴുവൻ. തന്റെ വീഴ്ചകളെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല. നിലതെറ്റിയ കാലുകൾ വച്ച് വീണ്ടും വീണ്ടും അവർ നടന്നു, ഗതിമാറിയൊഴുകുന്ന ചിന്തകൾക്കൊപ്പം.

               അടുത്ത വരവ് എന്നെ വല്ലാതെ വേദനിപ്പിച്ചു. വീണ്‌ തലപൊട്ടി സ്റ്റിച്ച് ഇട്ടിരുന്നു. അന്ന് വീണതിലോ തലപൊട്ടിയതിലോ സ്റ്റിച്ച് ഇട്ടതിലോ അവർ വിഷമിച്ചില്ല. പക്ഷേ തന്റെ പ്രിയപ്പെട്ട മുടി മുറിക്കേണ്ടിവന്നത്‌ അക്ഷരാർത്ഥത്തിൽ അവരെ തളർത്തിക്കളഞ്ഞു. "ഇനി മുടി വരുമോ മോളേ..." എന്നവർ ആവലാതിപ്പെട്ടു. ഒന്നുകൊണ്ടും പേടിക്കണ്ട. മുടിയും നഖവുമൊക്കെ ഇനിയും വളർന്നുകൊള്ളും എന്ന് ആധികാരികമായിത്തന്നെ പറഞ്ഞ് സമാധാനിപ്പിച്ചു. 'ഒരു വടി കുത്തി നടന്നാൽ വീഴാതിരിക്കില്ലേ' എന്ന എന്റെ ചോദ്യത്തിന്‌ തെല്ലൊരു നാണത്തോടെ തലകുനിച്ച് അവർ പറഞ്ഞതെന്തെന്നോ? "ആളുകൾ കണ്ടാൽ കുറച്ചിലല്ലേ..." എന്ന്!  വാക്കുകൾ ചിലനേരം അധികപ്പറ്റാണ്‌. വെറുതേ ചേർത്ത് പിടിച്ച് നിർത്താൻ തോന്നിയ നിമിഷമായിരുന്നു അത്‌.  അതെങ്ങനെ? മുഖം കാണാൻ പോലും സാധിക്കാത്ത കൊറോണക്കാലത്ത് ഒന്നു കൈപിടിച്ച് ആശ്വസിപ്പിക്കുക എന്നതു പോലും ചിന്തിക്കേണ്ടല്ലോ. ' നാട്ടുകാരെയല്ല നോക്കേണ്ടത്, മറിച്ച് സ്വന്തം ആരോഗ്യമാണ് ' എന്നതിനെപ്പറ്റി ചെറിയൊരു ക്ലാസ്സെടുത്തുകൊടുത്തു. കോളേജിലെ കുട്ടികളുടെ മുന്നിലല്ല, എഴുപതുകളിലൂടെ സഞ്ചരിക്കുന്ന ഒരമ്മയ്ക്ക്  മുന്നിലാണ് ഞാൻ നിൽക്കുന്നതെന്ന് ഓർക്കേണ്ടതായിരുന്നു. പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട്‌ തലയാട്ടി , ഒരു ചെറു ചിരിയോടെ അവർ അവിടെനിന്നുമിറങ്ങി. കഴിവതും പുറത്തിറങ്ങാതിരിക്കാൻ ഞാൻ പറയുമ്പോഴും മുന്നിൽ വലിയൊരു ചോദ്യം കിടപ്പുണ്ട്. ' പിന്നെ സ്വന്തം ആവശ്യങ്ങൾക്ക് വേറെയാര്?!' കാലിടറിയും വീണും ഇരുന്നും കിടന്നും അവർ വീണ്ടും സഞ്ചരിച്ചു.

                    ഒരിക്കൽക്കൂടി അവർ വീണു. ഇത്തവണ കാലൊടിഞ്ഞു കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണെന്നറിഞ്ഞത് അമ്മയുടെ പെൻഷൻ എടുക്കാൻ വെപ്രാളപ്പെട്ടു വന്ന മകനിൽനിന്നാണ്. ഇനി വരുമ്പോൾ വടി കുത്തി നടക്കാത്തതിന് സ്നേഹത്തോടെ ഒരു ശകാരം ബാക്കിവച്ചിരുന്നു. അതിനായി ഞാൻ കാത്തിരുന്നു. പക്ഷേ, ശകാരത്തിനോ സഹായത്തിനോ ഒരിക്കൽകൂടി കൈനീട്ടാൻ അവർ ഒരുക്കമായിരുന്നില്ല. ഇനിയൊരു പെൻഷനുകൂടി കാത്തുനിൽക്കാതെ അവശതകളിൽ നിന്ന്‌, ജീവിതത്തിന്റെ ഊരാക്കുടുക്കുകളിൽ നിന്ന്‌ അവർ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയർന്നു. അവർക്കായ്‌ ഞാൻ കാത്തുവച്ച സ്നേഹം ഒരു കണ്ണീർക്കണമായ് എന്റെ കണ്ണുകളിൽ ഉരുണ്ടുകൂടി, പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന ഇടവപ്പാതി പോലെ...

                                                                    ഉമ. ആർ

Wednesday, April 15, 2020

ഇനിയും മരിക്കാത്ത ഭൂമി


അവളുടെ ക്ഷമ എന്നേ നശച്ചിരുന്നു...
അത് അറിഞ്ഞിട്ടും ആർത്തി തീരാത്ത മനുഷ്യൻ വീണ്ടും അവളുടെ  വസ്ത്രം ഉരിഞ്ഞെറിഞ്ഞു, അവളുടെ മാറു തുരന്ന് ജീവനെടുത്തു,താങ്ങാവുന്നതിലും അപ്പുറം ഭാരം എടുപ്പിച്ചു, ശ്വാസം മുട്ടിച്ചു....

ഒരിക്കൽ അവളുടെ ആശയറ്റ നിശ്വാസം കൊടുങ്കാറ്റായി ആഞ്ഞടിച്ചു,
അവളുടെ കണ്ണുനീർ പേമാരിയായി...
അവളുടെ മാറിൽ നിന്നും ഊറി വന്ന ഉറവ വഴിയറിയാതെ സ്വയം ചാലു തീർത്ത് താഴേക്കൊഴുകി. പോകും വഴി വന്ന തടസ്സങ്ങൾ നീക്കി എറിഞ്ഞു...
ഒരുദിനം അവൾ ചുരത്തിയ കുടിനീരിൽ അവൻ മുങ്ങി മരിച്ചു,
പിന്നീടൊരിക്കൽ കുടിനീർ ചുരത്താൻ മടിച്ച് അവൾ‌ അവനെ കളിയാക്കി ചിരിച്ചു.
അന്ന് ദാഹജലം കിട്ടാതെ അവൻ പിടഞ്ഞു മരിച്ചു...

എന്നിട്ടും വെറി തീരാതെ മനുഷ്യൻ അവളുടെ മേൽ വിജയത്തിനായി, അധികാരത്തിനായി എന്നോ ഭൗമഗർ ഭത്തിലൊളിപ്പിച്ച ബീജങ്ങൾ അവൻ പോലുമറിയാതെ പിറവിയെടുത്തപ്പോൾ അവ ഈ മനുഷ്യരാശിയെ തന്നെ വേരോടെ പിഴുതെറിയുന്നു. മാതൃഹൃദയത്തിനേറ്റ മുറിവുണക്കാൻ അവ ശുദ്ധികലശം നടത്തുന്നു.

നാളെ ഒരു പക്ഷേ ഇതവസാനിക്കും...
മനുഷ്യൻ ഇതിൽ നിന്നും രക്ഷപ്പെട്ടിറങ്ങും.
വീണ്ടും അവൻ കാലചക്രത്തിനുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടേയിരിക്കും. തമ്മിലടിക്കും, സാമ്രാജ്യാധികാരങ്ങൾ വെട്ടിപ്പിടിക്കും,സഹോദരങ്ങളെ ഇല്ലാതാക്കും.

ഇതിനെല്ലാം സാക്ഷിയായ സൂര്യൻ കത്തിജ്വലിക്കുകയാണ്...
ഒപ്പം ഭൂമിയും ചുട്ടുപൊള്ളുന്നു.
അവൾക്കേറ്റ മുറിവിന്റെ എരിഞ്ഞടങ്ങാത്ത കനലുമായി ഇനിയും കാലങ്ങളോളം അവൾ  പുകഞ്ഞുകൊണ്ടേയിരിക്കും.....🌑

ഉമ. ആർ

Tuesday, March 22, 2016

ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞവര്‍

നമ്മുടെ സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ വിലയിരുത്തപ്പെടുന്നത് പഠനമേഖലകളില്‍ അവര്‍ക്ക് കിട്ടുന്ന അംഗീകാരത്തിന്റെയും കഴിവിന്റെയും പേരിലാണ്.പഠനമികവ് മാത്രമാണോ ഒരാളെ വിലയിരുത്താനുള്ള മാനദണ്ഡം? പഠനവൈകല്യങ്ങളുടെ പേരില്‍ പരിഹാസ്യനാക്കപ്പെടുന്ന, ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഒരു കുട്ടി, മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത കഴിവുകള്‍ക്കുടമയായിരിക്കാം. പ്രകൃതിയെ അറിയാതെ പുസ്തകവും ഇന്റര്‍നെറ്റും മാത്രം വച്ചുനീട്ടുന്ന അറിവിന്റെ ലോകത്ത് കുരുങ്ങിക്കിടക്കുമ്പോള്‍ അറിയണം ഇവയേതുമില്ലാതെ, മത്സരയോട്ടങ്ങളില്ലാതെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവരുടെ ഒരു ലോകമുണ്ടെന്ന്.
ഒരിക്കല്‍ കോളേജില്‍നിന്ന് സോഷ്യല്‍ സര്‍വീസിന്‍റെ ഭാഗമായി കുട്ടികളോടൊപ്പം പത്താം മൈലില്‍ ഉള്ള മദര്‍ കെയര്‍ റീഹാബിലിറ്റെഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. അന്ന് ഏതാണ്ട്‌ ഉച്ചയോടെ അവിടെയെത്തിയ ഞങ്ങളെ അവിടുത്തെ ടീച്ചറമ്മയാണ് സ്വീകരിച്ചത്. വിരല്‍ത്തുമ്പില്‍ അവരോടു ഒട്ടിച്ചേര്‍ന്ന് ഒരു കുരുന്നും ഉണ്ടായിരുന്നു. പത്തൊന്‍പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ തുടക്കമിട്ട ഒരു ആശയം അതിന്റെ എല്ലാ പൂര്‍ണ്ണതയിലും എത്തിനില്‍ക്കുന്നത്‌ ഞങ്ങളവിടെ കാണുകയായിരുന്നു. ഇപ്പോഴുള്ള പന്ത്രണ്ട് വിശേഷരത്നങ്ങള്‍ക്കൊപ്പം ടീച്ചറുടെ കുടുംബവും സന്തോഷത്തോടെ; സംതൃപ്തിയോടെ കഴിയുന്നു. എറണാകുളത്താണ് ഈ സംരംഭം തുടങ്ങിയതെങ്കിലും നഗരത്തിന്റെ അസഹ്യമായ തിരക്കുകളില്‍ നിന്നകന്ന് സമാധാനവും സ്വസ്ഥതയും അന്വേഷിച്ച് കുഞ്ഞുങ്ങള്‍ക്കൊപ്പം അവര്‍ എത്തിയത് ഈ നാട്ടിന്‍ പുറത്തിന്റെ പ്രശാന്തതയിലേക്കാണ്. മെയിന്‍ റോഡില്‍ നിന്ന് അകന്ന് വളരെ ഒതുങ്ങിയ ഒരിടത്താണ് ഈ പറഞ്ഞ വീട്.അവര്‍ ഈ നാട്ടുകാരായിത്തീര്‍ന്നിട്ട് ഇപ്പോള്‍ ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ അവര്‍ സ്വസ്ഥരാണ്, സ്വതന്ത്രരാണ്, സന്തോഷവാന്മാരാണ്...
ടീച്ചര്‍ ഞങ്ങളെ നേരെ അവിടുത്തെ സ്വീകരണമുറിയില്‍ കൊണ്ടിരുത്തി. അവരോട്‌ സംസാരിച്ചിരിക്കെ പതുക്കെപ്പതുക്കെ അവിടുത്തെ ഓരോരുത്തരെയായി ഞങ്ങള്‍ കണ്ടുതുടങ്ങി. ആദ്യം ഞങ്ങള്‍ക്കിടയിലെക്ക് കടന്നുവന്നത് റോഷന്‍ എന്ന മിടുക്കനാണ്.  കുറേ നാളുകള്‍ക്കുശേഷം ശേഷം അറിയാതെ ഞാന്‍ ഉള്ളു തുറന്ന് ചിരിച്ചു. എന്തിനെന്നറിയാതെ മരവിച്ചിരുന്ന എന്റെ മനസ്സ്‌ ശാന്തമാവാന്‍  തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അങ്ങനെയിരിക്കെ ഞങ്ങള്‍ക്കിടയിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ, ഉറക്കെ ചിരിച്ചുകൊണ്ട് ഒരു കുട്ടി ഓടി വന്നു. അവന്‍ ഞങ്ങളുടെ ഓരോരുത്തരുടെയും മടിയില്‍ ഇരുന്ന് വാച്ചും പേഴ്സും മൊബൈല്‍ഫോണും പരതി.ആദ്യ പരിഭ്രമം പെട്ടെന്ന് മാറി പതിയെ ഞങ്ങളും അവരിലൊരാളായി മാറി.പതുക്കെ പതുക്കെ ഭയം സ്നേഹത്തിലേക്ക് വഴിമാറുന്നത് ഞാനറിഞ്ഞു. ഭയവും സ്നേഹവും ഇരുളും വെളിച്ചവും പോലെയാണ്. ഭയം ഇല്ലാതാവുമ്പോള്‍ അവിടെ സ്നേഹം നിറയുന്നു. അവിടുന്നങ്ങോട്ട് ഞങ്ങള്‍ അവരോടൊപ്പം ചെലവഴിച്ച മണിക്കൂറുകള്‍ വെറും നിമിഷങ്ങളായി പറന്നുപോയി.വിശപ്പും ദാഹവും മറന്ന് അവരോടൊപ്പം കളിച്ചും പാട്ട് പാടിച്ചും കളര്‍ ചെയ്യിച്ചും നിഷ്കളങ്കമായ അവരുടെ സ്നേഹത്തില്‍ സ്വയം മറന്നുപോയി. ചിലര്‍ കയ്യില്‍ പിടിച്ചു വലിച്ചും മടിയില്‍ കയറി മൊബൈല്‍ തട്ടിപ്പറിച്ച് പേടിപ്പിച്ചും മറ്റുചിലര്‍ ഉത്തരവാദിത്തം പൂര്‍ണ്ണമായി വഹിച്ചും അവിടുത്തെ ടീച്ചറമ്മയെ ഭയന്നും സ്നേഹിച്ചും അവര്‍ അവിടെ ഞങ്ങള്‍ക്കൊരു പുതിയ ലോകം കാണിച്ചുതന്നു. അവര്‍ക്ക്‌ ഇടതുകയ്യെന്നോ വലതുകയ്യെന്നോ ഉള്ള വ്യത്യാസങ്ങളില്ലെന്ന്‍ ഞാനറിഞ്ഞു. മനുഷ്യന്‍ പടച്ച പല നിയമങ്ങളുടെയും അര്‍ത്ഥമില്ലായ്മയെക്കുറിച്ച് അറിയാതെ ഓര്‍ത്തുപോയി. വളരെ നിസ്സാരമായ ജീവിതാനുഭവങ്ങള്‍ പോലും തിരുത്താനാവാത്ത കാര്യങ്ങളായി ചിന്തിച്ച് വ്യസനിച്ച് കര്‍മ്മങ്ങള്‍ മറന്ന് അനാവശ്യവാശികളും ചിന്തകളുമായി മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിച്ച്, ഉള്ള കഴിവുകളില്‍ തൃപ്തിപ്പെടാതെ കഴിവില്ലാത്തവളായി സ്വയം ചിത്രീകരിച്ചു ജീവിക്കുന്ന ഞാനോ സ്വന്തം കാര്യങ്ങള്‍; പ്രാഥമികകൃത്യങ്ങള്‍ പോലും ചെയ്യാനറിയാതിരുന്നിട്ടുകൂടി പരാതികളെതുമില്ലാതെ ജീവിക്കുന്ന അവരോ ഭേദം! പരാതികള്‍ക്ക് മുകളില്‍ പരാതികളായി ഓരോ ദിവസവും എണ്ണി തീര്‍ക്കുന്ന ഞങ്ങളിലേക്ക് പരാതികള്‍ക്ക്‌ കാത്തുനില്‍ക്കാതെ കടന്നുവന്നവര്‍ ഇവരൊക്കെയാണ്....
ഒരു സെക്കന്റ് പോലും വിശ്രമമില്ലാതെ എന്തെല്ലാമോ പരതി, എങ്ങോട്ടൊക്കെയോ ഓടിനടക്കുന്ന കുറുമ്പന്‍ എല്‍ദോസ്, മൊബൈല്‍ തട്ടിപ്പറിച്ച് ഓടിക്കളയും എന്ന കാരണത്താല്‍ ഇവിടെയെത്തി. അവന്റെ അമ്മയും മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ട്. അവന്‍ ഓടിവന്നു മടിയിലിരിക്കും. വാച്ച് അഴിച്ചെടുക്കും. എന്തിനോ വേണ്ടി സമയം ശരിയാക്കും. എന്നിട്ട് ആര്‍ക്കും പിടി കൊടുക്കാതെ എങ്ങോട്ടോ ഓടിക്കളയും. ഞങ്ങള്‍ അവനോട് വളരെയേറെ സംസാരിച്ചു, കഴിക്കാന്‍ വിളിച്ചു. അവന്‍ ശ്രദ്ധിച്ചതേയില്ല. അവന്‍ അങ്ങനെയായിരിക്കും എന്ന് സമാധാനിച്ചു നിന്നു.  അല്‍പ്പം കഴിഞ്ഞപ്പോള്‍ എല്ലാവരും ഊണുമുറിയില്‍ നിരന്നിരുന്നു. ഉടന്‍ ടീച്ചര്‍ അവനെ അടുത്തുചെന്ന് തൊട്ടു വിളിച്ചു. ഭക്ഷണം കഴിക്കാം എന്ന് ആഗ്യം കാണിച്ചു. അത് കണ്ടപാടെ അവന്‍ ഓടി വന്നിരുന്നു കഴിക്കാന്‍ തുടങ്ങി. ഒന്നും മിണ്ടാനാവാതെ ഞെട്ടിത്തരിച്ചു നോക്കിനിന്ന ഞങ്ങള്‍ക്ക് അപ്പോള്‍ മാത്രമാണ് പറ്റിപ്പോയ അബദ്ധം അല്ലെങ്കില്‍ തെറ്റിദ്ധാരണ മനസ്സിലായത്. അവന് ചെവികേള്‍ക്കില്ല. സംസാരിക്കില്ല. നന്നായി നിറഞ്ഞ ചിരി ചിരിക്കും.ആ ചിരിയില്‍ എല്ലാമുണ്ട്. ആദ്യംമുതല്‍ ഞങ്ങള്‍ അവനോടായി പറഞ്ഞതത്രയും വെള്ളത്തില്‍ വരച്ച വരയായിരുന്നുവല്ലോ എന്നോര്‍ത്തുപോയി. നമ്മള്‍ എത്ര നിസ്സാരരാണ്. എല്ലാം ഉണ്ടായിട്ടുകൂടി മുന്നില്‍ കാണുന്ന ചെറിയ കാര്യം പോലും നിരീക്ഷിക്കാനോ മനസ്സിലാക്കാനോ ആവുന്നില്ലല്ലോ.
ഞങ്ങള്‍ ആദ്യം കണ്ട കുട്ടി ; ടീച്ചറോട്‌ ഒട്ടിനിന്ന കുഞ്ഞു അലന്‍, രണ്ടര വര്‍ഷം മുന്‍പ് മദര്‍ കെയറില്‍ എത്തിയ ഏറ്റവും ഇളയ കുഞ്ഞാണ്. സ്വയം ഉപദ്രവിക്കുന്നതുകൊണ്ട് കൈകള്‍ പുറകില്‍ കെട്ടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ സ്വന്തം തല ഭിത്തിയിലോ നിലത്തോ ഇടിപ്പിച്ച് ഇടിപ്പിച്ച് പൊട്ടിയ പാടുകള്‍ അവന്‍റെ നെറ്റിയില്‍ മായാതെ കിടക്കുന്നുണ്ട്. പക്ഷെ മനസ്സില്‍ നിന്നും അവ മാഞ്ഞുപോയിരിക്കുന്നു എന്ന് പറയുമ്പോള്‍ ടീച്ചറുടെ മുഖത്ത് ഒരു ആശ്വാസവും പ്രതീക്ഷയും മിന്നിമാഞ്ഞു. അവന്‍ സംസാരിക്കില്ല, ഒച്ച വയ്ക്കും. സ്വയം മുഖത്തടിക്കുക എന്നതാണ്‌ ആശയങ്ങള്‍ കൈമാറാനുള്ള അവന്റെ മാര്‍ഗ്ഗം. അത് വിശന്നിട്ടാണോ അതോ മറ്റെന്തെങ്കിലും ആവശ്യമാണോ എന്ന് ടീച്ചറമ്മക്കറിയാം. പിന്നെ ഞങ്ങള്‍ കണ്ട റോഷന്‍ അവിടുത്തെ മിടുക്കനായ അത്യാവശ്യം മുതിര്‍ന്ന കുട്ടിയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നതിനെ കടത്തിവെട്ടുന്ന നല്ല പെരുമാറ്റം. തിങ്കള്‍, ചൊവ്വ, ബുധന്‍.... എന്നിങ്ങനെ ദിവസങ്ങള്‍ അറിയില്ല എന്നതാണ് അവന്റെ പ്രശ്നം. അല്ലെങ്കിലും ഇന്ന് തിങ്കളാഴ്ചയായാലെന്ത്? ചൊവ്വാഴ്ചയായാലെന്ത്‌? ചെയ്യേണ്ടത് ചെയ്യണ്ടേ? അതവന്‍ തെറ്റാതെ ചെയ്യുന്നുണ്ട്. അവിടെ ഓരോരുത്തര്‍ക്കും ചെറിയ ചെറിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് വരുന്ന കുട്ടികളുടെ ബ്രഷില്‍ പേസ്റ്റ് പുരട്ടി വക്കുന്നത് റോഷനാണ്. എല്ലാ ജോലികളിലും അവന്‍ പെര്‍ഫെക്റ്റ്‌ ആണ്. ലിജോയാണ് അവിടുത്തെ ഏറ്റവും ഉത്തരവാദിത്തമുള്ളവന്‍. പുത്തന്‍കുരിശ് എം.ജി.എം സ്കൂളില്‍ പഠിച്ചു. ഐ.ഇ.ഡി. ക്യാറ്റെഗറിയില്‍ പരീക്ഷയും എഴുതി. കഷ്ടിച്ച് സ്വന്തം പേരെഴുതും.പക്ഷെ അവന്‍ എഴുതിയത് അവ ന്റെ പേരാണെന്നോ അതെങ്ങിനെ വായിക്കണമെന്നോ ആ കുഞ്ഞിനു അറിയില്ല.കടയില്‍ പോകാനും സാധനങ്ങള്‍ വാങ്ങി വരാനും സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകാനും എല്ലാം മിടുക്കനാണവന്‍.
അങ്ങിനെ ഓരോ കുട്ടികളുടെയും പ്രത്യേകതകളും കുടുംബ പശ്ചാത്തലങ്ങളും വിശേഷങ്ങളും ടീച്ചര്‍ ഞങ്ങളുമായി പങ്കുവയ്ക്കുന്നതിനിടെ   സമയമിതപൂര്‍വ്വസായാഹ്നം... എന്ന വരികള്‍ എവിടെ നിന്നോ  കേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോഴേക്കും അവന്‍ ഞങ്ങളുടെ കണ്‍വെട്ടത്തുനിന്ന് ഓടിയൊളിച്ചിരുന്നു. ടീച്ചര്‍ അവനെ വിളിച്ചു ഞങ്ങളുടെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു ഇവനാണ് ജസ്വിന്‍. ഞങ്ങളുടെ വീട്ടിലെ ഗായകന്‍! നെറ്റിയില്‍ വലതുവശം ചേര്‍ന്ന് ഒരു ചെറിയ പൊട്ടുംതൊട്ട് നാണിച്ച് ടീച്ചറുടെ പിന്നിലൂടെ അടുത്തുള്ള മുറിയിലൊളിച്ചു. ഒളിച്ചും പിടിച്ചും പതിയെപ്പതിയെ ഞങ്ങള് കൂട്ടായി. ആര് വന്നാലും ജസ്വിന്‍ ആദ്യം തന്നെ വീടെല്ലാം കൊണ്ടുനടന്ന് കാണിച്ചുകൊടുക്കും. അത് അവന്റെ ശീലമാണ്. അവരെല്ലാം കൂടി വളര്‍ത്തുന്ന മുയലിന്‍റെ ചോരക്കുഞ്ഞുങ്ങളെ വളരെ ഉത്സാഹത്തോടെ  ഞങ്ങള്‍ക്ക്‌ കാണിച്ചു തന്നു. ചില സമയങ്ങളില്‍  മറ്റുള്ളവരെ കാണുമ്പോള്‍ അവരുടെ കണ്ണില്‍ കുത്താന്‍  ഉള്ള പ്രവണതയാണ് അവന്‍റെ പ്രശ്നം. നമ്മളാരും കാണാത്ത എന്താണാവോ അവന്‍ മറ്റു കണ്ണുകളില്‍ കാണുന്നത്? ജസ്വിന്‍ ഇടക്കിടെ പല ശ്രുതികളില്‍ പല താളത്തില്‍ പലവുരു ആവര്‍ത്തിക്കും വേന്ത....വേ..ന്ത........വേ.....ന്താ... അതിലും ഉണ്ട് ജന്മനാ അവനില്‍ അലിഞ്ഞുചേര്‍ന്ന സംഗീതം! അവന് വേണ്ടാത്തത് എന്താണെന്നോ? നമ്മള്‍ ചെയ്തു കൊടുക്കുന്ന കാര്യങ്ങള്‍! അവന്‍ സ്വയംപര്യാപ്തനാണ്. എല്ലാം തനിയെ ചെയ്യണം. അത്രേയുള്ളൂ. നമ്മളോ? എന്തു കാര്യം തന്നെയാവട്ടെ ആരെങ്കിലും ഒരാള്‍ ചെയ്തു തന്നാല്‍ അത്രേം സന്തോഷം. ജസ്വിന്‍ എല്ലാ പാട്ടുകളും തനിയെ റേഡിയോ കേട്ടാണ് പഠിച്ചെടുക്കുന്നത്. പ്രാര്‍ത്ഥനാഗാനങ്ങളും സിനിമാഗാനങ്ങളും  ഉള്‍പ്പെടെ ഒത്തിരി പാട്ടുകളറിയാം ജസ്വിന്. ഒരു വരിപോലും തെറ്റാതെ നന്നായി പാടും. കിളി എന്നു കേട്ടാല്‍ അവന്‍ ഉടന്‍ പാടും -കിളിയെകിളിയേ.... മണി മണിമേഘത്തോപ്പില്‍.... ഞങ്ങളെ ഞെട്ടിച്ച് അവന്‍ പാടിക്കൊണ്ടേയിരുന്നു.
ഇനിയുമുണ്ട് കുറേപ്പേര്‍; കുഞ്ഞു ജോയല്‍, നാക്ക്‌ നീട്ടി ഒച്ചയെടുത്തു നമ്മളെ പേടിപ്പിച്ച് പിന്നെ പെട്ടെന്ന് നിഷ്കളങ്കനായി ചിരിക്കുന്ന ജോര്‍ജ്, ദേഷ്യം വന്നാല്‍ ഇരുന്ന ഇരുപ്പില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു കളയുന്ന ഓട്ടിസം ഉള്ള ഒരു കുട്ടി.... അങ്ങനെ ആ നിര നീളുന്നു, മുപ്പത്തിരണ്ടുകാരനായ ഒരു വല്യ കുട്ടി വരെ! മുതിര്‍ന്നതും അത്യാവശ്യം കാര്യപ്രാപ്തിയുള്ളതുമായ കുട്ടികള്‍ മറ്റുള്ളവരെ സഹായിക്കും. അവര്‍ക്ക്‌ പുറത്തുപോയി സാധനങ്ങള്‍ വാങ്ങാനും യുക്തം പോലെ ബസ്സിലോ ഓട്ടോയിലോ തിരിച്ചു വരാനും അറിയാം. രണ്ടുപേര്‍ ജോലി ചെയ്യുന്നുണ്ട്. ഒരാള്‍ പ്ലംബിംഗ് സഹായി, മറ്റേയാള്‍ വര്‍ക്ഷോപ്പില്‍ സഹായി. സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയാണ് ടീച്ചര്‍ അവിടെ ചെയ്യുന്നത്.
ടീച്ചറമ്മ ഇവരുടെയെല്ലാം മാലഖയാണെന്നു തോന്നിപ്പോയി. രാപകല്‍ ഭേദമില്ലാതെ കൃത്യമായ ടൈം ടേബിള്‍ വച്ച് ചിട്ടയോടെ ഇത്രേം കുട്ടികളെ അടക്കി നിര്‍ത്തുന്നുണ്ടല്ലോ! പത്തൊന്‍പത്‌വര്‍ഷങ്ങളാകുന്നു അവര്‍ ഈ സേവനത്തിലേക്ക് ഇറങ്ങിത്തിരിച്ചിട്ട് എന്നത് വീണ്ടും അത്ഭുതത്തോടെ ഓര്‍ത്തുപോയി. ഭര്‍ത്താവും രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബം ഇവരോടൊപ്പമുണ്ട്. ഈശ്വരനിയോഗം എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഈശ്വരന്റെ കളികള്‍ ചിന്തകള്‍ക്കും അപ്പുറത്താണല്ലോ! ടീച്ചറും കുടുംബവും ഈ കുട്ടിക്കുറുമ്പന്മാരുമെല്ലാം ചേര്‍ന്ന് എന്‍റെ ഹൃദയത്തില്‍ അവരുടെ മായാത്ത കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു.

ഇന്ന് നമ്മുടെ സമൂഹത്തില്‍  എന്തൊക്കെയോ കുറവുകളുണ്ടെന്ന ഒരു തോന്നല്‍. സ്നേഹം, ദയ, പരസ്പരസഹകരണം, ക്ഷമ എന്നിവയെല്ലാം അര്‍ത്ഥമില്ലാത്ത വെറും വാക്കുകളായി കടലാസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുണ്ടോ?  എന്തുതന്നെയായാലും  നമ്മള്‍ പണത്തിനു പിന്നാലെ ഓടുമ്പോള്‍ ഓര്‍ക്കേണ്ടത് ഇത്രമാത്രം. പണത്തിനു നാളെ മൂല്യമില്ലാതായേക്കും, പക്ഷെ സ്നേഹത്തിന്‍റെ മൂല്യം എന്നും കൂടുകേയുള്ളൂ. നമ്മുടെ കുഞ്ഞുങ്ങള്‍ സ്നേഹിക്കാന്‍ പഠിക്കട്ടെ. പരസ്പരം സഹായിക്കാനും സഹകരിക്കാനും പഠിക്കട്ടെ. അവരിലാണ് ഈ നാടിന്‍റെ ഭാവി. എ.സി മുറികളിലിരുന്ന്ആര്‍ക്കോ വേണ്ടി ജീവിതം ഹോമിക്കുക എന്നത് മാത്രമല്ല അന്തിമലക്ഷ്യമെന്ന് അവരറിയട്ടെ. പരസ്പരം കഴിവിന്റെ ത്രാസുകളില്‍ തൂങ്ങിയാടാതിരിക്കട്ടെ. വിവേചനങ്ങളുടെ പേരില്‍ ജീവിതം അവസാനിപ്പിക്കാതിരിക്കട്ടെ.......

(നന്ദി : ആറാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ കുട്ടികളോടും ക്ലാസ്സ്‌ ടീച്ചേര്‍സിനോടും - സോഷ്യല്‍ സര്‍വീസിന് മദര്‍ കെയര്‍ തിരഞ്ഞെടുത്തതിനും  അതില്‍ ഒരു ഭാഗമാകാന്‍ ഞങ്ങള്‍ക്ക് അവസരം തന്നതിനും) 

Friday, March 18, 2016

രോഗി


തുറന്നിട്ട ജനാലയെ മറച്ചിരുന്ന വെളുത്ത കര്‍ട്ടനിടയിലൂടെ ആ കഴുകന്‍റെ കണ്ണുകള്‍ അവളെ ചൂഴ്ന്നുനോക്കുന്നുണ്ടായിരുന്നു. അയാളുടെയു ള്ളില്‍ ഒളിഞ്ഞിരുന്ന നികൃഷ്ടജീവിയെ തിരിച്ചറിയാതെ അവളാ  മുറിയിലേക്കാനയിക്കപ്പെട്ടു. രോഗവിവരങ്ങള്‍ക്കുപകരം അയാള്‍ തന്‍റെ സ്റ്റതസ്കോപ്പിലൂടെ ഒപ്പിയെടുത്തത് അവളുടെ സ്ത്രീത്വം എന്ന പൊള്ളുന്ന വികാരത്തെയായിരുന്നു. അസ്വസ്ഥമാക്കുന്ന ചലനങ്ങളില്‍, കൈപ്പിടുത്തങ്ങളില്‍ അയാളിലെ ചെകുത്താന്‍ ചിരിക്കുന്നത് അവള്‍ കണ്ടു. പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം ലവലേശം കുറയ്ക്കാതെ തന്നെ അവളാ കോപ്രായം കണ്ടുകൊണ്ടിരുന്നു. ഉള്ളിലുറങ്ങിക്കിടന്നിരുന്ന ചെകുത്താനെ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അയാളുടെ വാട്സാപ്പ്‌ ഗ്രൂപ്പില്‍ അവളുടെ നമ്പറും ഇടം പിടിച്ചു കഴിഞ്ഞിരുന്നു. രോഗവിവരം മുഴുമിക്കാതെ തന്നെ അയാള്‍ കുറിച്ച മരുന്നുകളുമായി വിറങ്ങലിച്ച കോഴിക്കുഞ്ഞിനെപ്പോലെ അവള്‍ അവിടുന്നിറങ്ങിയോടി. എങ്ങനെയും ഓടി കൂട്ടില്‍ഒളിക്കാന്‍. ദേഷ്യം തീര്‍ക്കാന്‍. ചിന്തകളാല്‍ കൊടുമ്പിരിക്കൊണ്ട മനസ്സ് ഒന്ന് ശാന്തമാക്കാന്‍. അതിനു നന്നേ പാടുപെട്ടെങ്കിലും ഈ അനുഭവം അവള്‍ തന്‍റെ മനസ്സില്‍ കൂര്‍ത്ത മുള്‍മുനകൊണ്ട് കുറിച്ചിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ അയാള്‍ അയച്ച പാട്ടുകളും ചിത്രങ്ങളും വീഡിയോകളും അവളുടെ ഫോണിനെ ശ്വാസം മുട്ടിച്ചു. അവയൊന്നും അശ്ലീലത്തിലേക്ക്‌ വഴിമാറിപ്പോകാത്തിരിക്കാന്‍ അവള്‍ക്കത് ചെയ്യേണ്ടിവന്നു.  പതഞ്ഞു പൊങ്ങിയ ദേഷ്യവും പകയും അവളുടെ കൈവിരലുകളെ ദ്രുതഗതിയില്‍ ചലിപ്പിച്ചു. നിശ്ശബ്ദമായി അവളയാളെ കൊന്നു! ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ്. ഒരു മധുരപ്രതികാരത്തിന്റെ സന്തോഷം!


                                                ഉമ. ആര്‍

Wednesday, December 17, 2014

പുനരുദ്ധാരണം


ജനിമൃതികൾക്കിടയിലെവിടെയൊക്കെയോ വച്ച് ഉടലെടുത്ത
കർമ്മബന്ധങ്ങളുടെ സ്മരണിക. ഞങ്ങളുടെ ധർമ്മദൈവക്ഷേത്രം അല്ലെങ്കില്‍ കുടുംബക്ഷേത്രം!. ചുറ്റും തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങളുടെ സുഖശീതളിമക്ക് നടുവിൽ, ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളിക്കൂട്ടങ്ങളും പൊഴിഞ്ഞു വീണ  മഞ്ചാടിക്കുരുക്കളും സമ്പന്നമാക്കി നിർത്തിയ ഒരു കൊച്ചു ക്ഷേത്രം. വെട്ടുകൽ മതിലിനാൽ ചുറ്റപ്പെട്ട ആ ക്ഷേത്രത്തിനു വെളിയിൽ ഏതോ കാലത്തെ പിതൃക്കളുടെ കൽത്തറയുണ്ട്.മതിലിനോട് ചേര്‍ന്ന് പാവനമായ സര്‍പ്പത്തറ. വൻ വൃക്ഷങ്ങളിൽ നിന്ന് ഊർന്നിറങ്ങിയ വേരുകൾ അതിനെ തൊട്ടു നമസ്കരിച്ചു നിന്നു. ക്ഷേത്രമുറ്റത്ത്‌ വരയ്ക്കപ്പെട്ട തേജസ്സുറ്റ ഭദ്രകാളീരൂപത്തെ നോക്കി പാട്ടിന്‍റെ താളത്തിലും മേളക്കൊഴുപ്പിലും നൃത്തമാടിക്കൊണ്ട് പ്രകൃതി ഈശ്വരനിൽ ലയിക്കുന്ന അപൂർവ അനുഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പുണ്യസ്ഥലം !

ഒരുപാട് നാളുകൾക്ക് ശേഷം ഒരിക്കൽക്കൂടി ആ ക്ഷേത്രമുറ്റത്ത്‌ ഞാനെത്തി. അവിടെ ഞാന്‍ ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുനിൽക്കുമ്പോൾ ഒരു നിമിഷം, എനിക്ക് വഴി തെറ്റിയതാണോ എന്ന് പോലും സംശയിച്ചു!! എല്ലാം ശൂന്യം!! വള്ളിപ്പടർപ്പുകൾ ഉണങ്ങി നിൽക്കുന്നു .സർപ്പക്കാട് അപ്രത്യക്ഷമായിരിക്കുന്നു. സർപ്പക്കാടും വള്ളിപ്പടർപ്പുകളും ഇല്ലാതെ അനാഥമായി നില്ക്കുന്ന സർപ്പത്തറ . വരാനിരിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ ചിന്തയിലാണ്ട് , ജന്മാന്തരങ്ങളുടെ ഗർഭത്തിൽ നിന്ന് വലിച്ചിഴക്കപ്പെട്ട് ഇന്നീ മുറിവുണങ്ങാത്ത ചെമ്മണ്ണിലൂടെ നിസ്സഹായരായി നോക്കി കിടക്കുന്ന പിതൃക്കന്മാർ . ഏതു പുനരുദ്ധാരണത്തിന്‍റെ പേരിലാണോ ഈ ദുരവസ്ഥ!

വിശാലമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ ദൈവങ്ങൾ സ്വസ്ഥരാകുമോ ? ഇനിയുള്ള പുനരുദ്ധാരണം ശീതീകരിച്ച മുറികളിൽ ദൈവങ്ങളെ കുടിയിരുത്തിക്കൊണ്ടായിരിക്കും. പഴമയുടെ ഓർമ്മകൾ വിളിച്ചോതിയ വെട്ടുകൽ മതിലും ചുറ്റുമതിലിന് വെളിയിൽ വൃക്ഷത്തലപ്പിന്‍റെ ഛായയിൽ  സുഖകരമായ തണുപ്പേറ്റ് നിത്യ നിദ്രയിൽ കഴിഞ്ഞു വന്ന പിതൃക്കളും സർപ്പങ്ങളും ഇതെന്തു തോന്നിയവാസം എന്ന് അത്ഭുതം കൂറുന്നുണ്ടാകും .മനസ്സ് നീറ്റുന്ന കാഴ്ച!

ഇതെല്ലാം കഴിഞ്ഞ് ഇനിയിപ്പോ ഈ പരിസരത്തെങ്ങാനും ഒരു സർപ്പം വന്നാലോ, അതിനെ തല്ലിക്കൊല്ലുകേം ചെയ്യും. അതാണ്‌ മനുഷ്യർ. എന്തുകൊണ്ട് സർപ്പം? അതിനെ നമുക്ക് ഭയമാണ്. ' ഭയക്കുന്ന ഒന്നിനെ താണു കുമ്പിട്ട് പൂജിക്കുക' എന്നതാണല്ലോ അന്നും ഇന്നും എന്നും.  എന്തുകൊണ്ട് പൂച്ച, പട്ടി, പശു, ഉറുമ്പ് എന്നിങ്ങനെ എല്ലാ ജീവികൾക്കും മൂർത്തികളില്ല? ക്ഷേത്രങ്ങളിൽ സ്ഥാനമില്ല? എല്ലാം ഒരേ ശക്തി സ്വരൂപത്തിന്‍റെ കണികകളല്ലേ? ആ ചിന്തയുടെ വിത്തുകള്‍ കുഞ്ഞു ഹൃദയങ്ങളില്‍ പകര്‍ന്നുകൊടുക്കാന്‍ ഒരു ‘ഹൈന്ദവ”നെങ്കിലും മുന്നിട്ടിരുന്നെങ്കില്‍...  

അതെങ്ങനെയാ? ഇന്ന് മത്സരം അമ്പലങ്ങൾ തമ്മിലാണ്.ഏറ്റവും കൂടുതൽ പിരിച്ചെടുത്ത്‌ ഏറ്റവും ഭംഗിയായി, ക്ഷേത്ര സങ്കല്പ്പമേ മാറ്റി പുനരുദ്ധരിക്കുക. അതാണ്‌ വിധിക്കപ്പെട്ട ടാസ്ക്.! ഞങ്ങളുടെ ദൈവവും മോഡേണ്‍ ആവട്ടെ.   ഓരോ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും അതിനായി കിണഞ്ഞു പരിശ്രമിക്കുന്നു. രാപകലില്ലാതെ ഓടിനടക്കുന്നു.
ക്ഷമിക്കൂ കുഞ്ഞുങ്ങളേ .... നിങ്ങളുടെ രക്ഷിതാക്കൾ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾക്ക് പെറുക്കി നടക്കാൻ, സൂക്ഷിച്ചു വയ്ക്കാൻ ഇനി മഞ്ചാടി മുത്തുകളില്ല, കുന്നിക്കുരുക്കളില്ല. എല്ലാം ശൂന്യം. വെട്ടിത്തെളിച്ചു വെടിപ്പായി വെളുപ്പിച്ചു നിർത്തിയിരിക്കുന്ന ചുറ്റമ്പല ദൃശ്യം നടുനിശീഥിനിയിലും ഉച്ചവെയിലിൽ തിളങ്ങും പോലെ വ്യക്തമായി കാണാം.
ആരുടെയും മനസ്സ് വിങ്ങുന്നില്ലേ? ആർക്കും നൊന്തില്ലേ അവയെല്ലാം തകർത്തപ്പോൾ?കാലങ്ങളെ മറികടന്ന ശിലാ പ്രതിഷ്ഠകൾ ദൈവങ്ങളായി വാഴ്ത്തപ്പെടുമ്പോൾ ദൈവതുല്യമായ മനുഷ്യ മനസ്സുകൾ കല്ലായി തീരുന്നു. എന്തൊരു വിരോധാഭാസം!

      ഉമ ആര്‍

(Edited on 25/11/14)

Tuesday, December 16, 2014

എന്‍റെ യാത്രകള്‍ (2).......

ഡല്‍ഹി ജീവിതത്തിനിടയില്‍ അരുണും ഞാനും ഉമേഷും കൂടി പോയ ഒരു യാത്ര. ഋഷികേശ്‌, ഹരിദ്വാര്‍, മുസ്സൂറി ട്രിപ്പ്‌.

2014 aug-15 നു വൈകുന്നേരം ഞങ്ങള്‍ യാത്ര തിരിച്ചു.മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ജിജ്ഞാസ കയറിക്കൂടിയിരുന്നു. ഇതാദ്യമായാണ് ഇങ്ങനൊരു ട്രിപ്പ്‌. അതും ഉത്തരാഖണ്ഡ് പേമാരിയിലും വെള്ളപ്പൊക്കത്തിലും മുങ്ങി നില്‍ക്കുമ്പോള്‍. യാത്ര രാത്രിയായതിനാല്‍ നിദ്രാ ദേവതയോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു, അതിനൊരു ഭംഗവും വരുത്തരുതേ എന്ന്. ഏതായാലും അവിടുന്ന് തെറ്റില്ലാത്ത രീതിയില്‍ കടാക്ഷം ലഭിച്ചു. ആദ്യം ഋഷികേശ്‌ ആണ് എത്തുക. എങ്കിലും ട്രിപ്പ്‌ പ്ലാന്‍ അനുസരിച്ച് മുസ്സൂറിയില്‍ നിന്നാണ് തുടക്കം. പുലര്‍ച്ചെ ഋഷികേശില്‍ എത്തി, പോകും വഴിയാകെ മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. ഗൈഡ് അവിടെ ഇറങ്ങിയ ശേഷം ട്രിപ്പ്‌ തുടങ്ങാം എന്ന് പറഞ്ഞു. അവിടെ  താല്‍ക്കാലികമായി കുളിച്ചു റെഡി ആകാന്‍ ഒരു മുറിയും തന്നു. അവിടുന്ന് ഓരോ കാലിചായയും കുടിച്ചു വീണ്ടും യാത്ര തുടങ്ങി.   ഓരോ ഇടത്താവളങ്ങളും ഞങ്ങള്‍ക്ക്‌ പുതിയ പുതിയ സുഹൃത്തുക്കളെ സമ്മാനിച്ചു.
ആകാശം തെളിയുന്നതിനനുസരിച്ച് പ്രകൃതി പച്ചപ്പില്‍ കുളിച്ചു നില്‍ക്കുന്നത് വ്യക്തമായിക്കൊണ്ടിരുന്നു. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ എത്തി എന്നത് ഉറപ്പിക്കുമാറ് ഒരു സംസ്ഥാന ശകടം ഒച്ചയുണ്ടാക്കി കടന്നുപോയി. ബസ്‌ ആണ് അതെന്നു ഞങ്ങള്‍ ഒരു നിഗമനത്തിലെത്തി. ഇടയ്ക്കിടെ പട്ടാളവണ്ടികള്‍ ഞങ്ങള്‍ക്കെതിരെ കടന്നുപോകുന്നുണ്ടായിരുന്നു. വനമേഖലയുടെ വശ്യമായ സൗന്ദര്യം മനസ്സിലാവാഹിച്ചു നിശ്ശബ്ദരായി അങ്ങനെ ഇരുന്നു. ഈ വനവീഥികളില്‍ മഴയുടെ കയ്യോപ്പെന്നപോലെ അവ നിര്‍മ്മിച്ച നീര്‍ച്ചാലുകള്‍. ഇരുവശങ്ങളിലും അതിമനോഹരമായ പ്രകൃതി. ഒരു വശത്ത് വനവും, മറുവശത്ത് മലനിരകളും. ഇതില്‍ ഏതു നോക്കണം എന്ന വിഷമത്തിലായിരുന്നു  ഞങ്ങള്‍. നീങ്ങുംതോറും പുള്ളിമാനുകളും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വാനര സംഘവും യാത്രയ്ക്ക് മിഴിവേകി. മഴയുടെ ഭീകരത വിളിച്ചോതുമാറ് നദികളെല്ലാം കലങ്ങി മറിഞ്ഞ്, കടപുഴകി വീണ മരങ്ങളും കെട്ടിടത്തിന്റെയും മറ്റും പല അവശിഷ്ടങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്നത്‌ കണ്ടു. അഭയാര്‍ഥികള്‍ വസ്ത്രങ്ങളുമായി ക്യാമ്പിലേക്ക് വരിവരിയായി നടന്ന് പോകുന്നു. നിന്ന നില്‍പ്പില്‍ ഒരു വീടിന്‍റെ ഭാഗം നദിയിലേക്ക് ഇടിഞ്ഞു വീഴുന്നു. കരയോടു ചേര്‍ന്ന് നിരത്തിയിട്ടിരുന്ന ലോറികള്‍ ഒഴുകി പുഴയിലേക്ക്‌ ഒലിച്ചിറങ്ങുന്നു. ഇതിനിടയിലും കുട്ടികള്‍ ഈ വെള്ളത്തില്‍ കളിക്കുന്നുണ്ട്, മീന്‍ പിടിക്കുന്നുണ്ട്. അവരെ ഇതൊന്നും അലട്ടുന്നേയില്ല. എന്നാല്‍ മുകള്‍ത്തട്ടില്‍ മലകള്‍ മഞ്ഞിന്‍ പുതപ്പ് പുതച്ചു ശാന്തമായി ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.
പതുക്കെ ഞങ്ങളുടെ വാഹനം ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്ക് പ്രവേശിച്ചു തുടങ്ങി. നഗരത്തിന്റെ വടക്ക് ഹിമാലയവും തെക്ക് സിവാലിക്ക് മലനിരകളും  കിഴക്ക്  ഗംഗയും പടിഞ്ഞാറ് യമുനയും സ്ഥിതി ചെയ്യുന്നു. ഒരു നഗരത്തിന്‍റെ സാധാരണ കാണുന്ന തിരക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സ്ഥലം. പലതരം യുണിഫോമുകളില്‍ കുട്ടികള്‍ സ്കൂളിലേക്ക്‌ ചെന്നെത്തുന്നു. നഗരവും പിന്നിട്ട് പിന്നീട്  “ദി  ക്വീന്‍ ഓഫ് ഹില്‍സ്‌” എന്നറിയപ്പെടുന്ന മുസ്സൂറിയിലേക്ക്‌...
പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത മലനിരകള്‍. ഡെറാഡൂൺ  മുഴുവന്‍ കാണുമാറ് ഉയരത്തില്‍ ഹെയര്‍പിന്‍ വളവുകള്‍ കറങ്ങിത്തിരിഞ്ഞ് 6000 അടി (ഏകദേശം രണ്ടു കിലോമീറ്റര്‍) ഉയരത്തിലേക്ക് ഒരു യാത്ര. ഓരോ വളവുകള്‍ തിരിയുമ്പോഴും കാണുന്നത് കൂടുതല്‍ കൂടുതല്‍ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍. പെയ്തു തോര്‍ന്ന മഴയുടെ ഓര്‍മ്മകള്‍ എന്നപോലെ മഴത്തുള്ളി ഇറ്റ് നില്‍ക്കുന്ന മരച്ചില്ലകള്‍. ഇതുവരെ കാണാത്ത തരം മരങ്ങളും ചെടികളും. ഉരുള്‍പൊട്ടി ഒളിച്ചുപോന്ന കല്ലും മണ്ണുമെല്ലാം നീക്കം ചെയ്തുകൊണ്ട് വഴിനീളെ കുറെയേറെ ആളുകള്‍ നില്‍പ്പുണ്ടായിരുന്നു.
എന്നാല്‍ ആ യാത്രയുടെ അവസാനം ഞങ്ങള്‍ ചെന്ന് നിന്ന സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചു. പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ട തിരക്കേറിയ ഒരു പ്രദേശം. ഇത്ര ഉയരത്തിലൊക്കെ എങ്ങനെ ഇത് സാധിക്കുന്നു എന്ന് അത്ഭുതം തോന്നി. അവിടെയാകെ മൂടല്‍മഞ്ഞ് പരന്നതോടെ ഞങ്ങളുടെ നിരീക്ഷണങ്ങള്‍ക്കു വിരാമമിട്ടു. ‘കെമ്ടി ഫാള്‍’ എന്നവെള്ളച്ചാട്ടം ഞങ്ങളും ഒപ്പം നാഗരാജും ഭാര്യയും ഓടി നടന്നു കണ്ടതൊഴിച്ചാല്‍ ബഹുമാന്യനായ ഗൈഡ്ന്‍റെ പിടിപ്പുകേടുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതലൊന്നും അവിടെ ആസ്വദിക്കാന്‍ സാധിച്ചില്ല എന്ന് വേണം പറയാന്‍. ആദ്യമായി റോപ്പ്‌വേയില്‍ കയറി എന്നൊരു സന്തോഷം തോന്നി എനിക്ക്. മറ്റൊന്ന് ഈ യാത്രയോടെ ഞങ്ങളോടൊപ്പം ബസില്‍ ഉണ്ടായിരുന്ന ഒട്ടു മിക്ക പേരുമായും പരിചയമായി. അതില്‍ അച്ഛനും അമ്മയും രണ്ടു പെണ്മക്കളും അടങ്ങുന്ന ഒരു ‘വലിയ’ ഫാമിലി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസ്സുറിയില്‍ വന്നു മധുവിധു ആഘോഷിച്ചതിന്‍റെ ഓര്‍മ്മകള്‍  ഞങ്ങളോട്‌ പങ്കുവച്ചു.. ശരിക്ക് അവിടെ കാണാനുള്ള അനേകം സ്ഥലങ്ങളെപ്പറ്റി അവര്‍ വിശദീകരിച്ചു തന്നു.
പിറ്റേന്നുള്ള മടക്കയാത്രയില്‍ ആദ്യം ഋഷികേശ്‌ ഇറങ്ങി. പ്രകൃതിയോട് ഏറ്റം ഇണങ്ങി നില്‍ക്കുന്ന ശിവാനന്ദ ആശ്രമത്തില്‍ പോയി. അവിടെ വച്ച് ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ തുനിഞ്ഞ ഞങ്ങളുടെ സംഘത്തിലെ ഒരു പാവം മുത്തശ്ശനെ ഗൈഡ് സമ്മതിക്കാത്തത് എന്നെ ഏറെ വിഷമിപ്പിച്ചു. വാനരസേനയുടെ അകമ്പടിയോടെ  ഗംഗാനദിക്ക് കുറുകെ നിർമ്മിക്കപ്പെട്ട രാംഝൂല , ലക്ഷ്മണ്‍ഝൂല എന്നീ പാലങ്ങള്‍ കടന്നു. ക്ഷീണിച്ചിട്ടോ അസഹ്യമായ വെയില്‍ മൂലമോ ഗൈഡ് ന്‍റെ പാകപ്പിഴകള്‍ മൂലമോ എന്തോ അസ്വസ്ഥതയല്ലാതെ ഒരു പവിത്രതയോ പുണ്യതയോ തോന്നിയില്ല അവിടെ.
ഈ അസ്വസ്ഥതയുടെ ബാക്കി പത്രമായി ഹരിദ്വാര്‍. പരിപാവനമായ ഗംഗയില്‍ ഒരു സ്നാനം! അതാണ്‌ അവിടെ സാധിക്കാവുന്ന അത്യുല്‍കൃഷ്‌ടമായ കര്‍മ്മം. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്ത്, പാപങ്ങള്‍ കഴുകിക്കളഞ്ഞ് മുങ്ങി നിവരുന്ന അനേകംപേരെ കാണാം. ശുഭ & ഫാമിലിയിലെ കുഞ്ഞു കൌശികിന്റെ മുത്തശ്ശന്‍ ഒരു കൊച്ചു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ ഗംഗാതീരത്തിരുന്നു ബലിതര്‍പ്പണം നടത്തിയപ്പോള്‍ പൂര്‍വികരോടുള്ള പുത്രധര്‍മ്മം തീര്‍ക്കുന്നത് ഞാന്‍ കണ്ടു.
എന്നാല്‍ അവിടെ ഞാന്‍ തൊട്ടത് പുണ്യ നദിയായ ഗംഗയെ ആയിരുന്നില്ല. കോടാനുകോടി ജനങ്ങളുടെ പാപങ്ങളും വഹിച്ച് രൌദ്ര ഭാവം പൂണ്ട്  ഒഴുകുന്ന ഗംഗയെയായിരുന്നു. ഒരുപക്ഷെ പേമാരിയുടെ ബാക്കിപത്രമാകാം. എങ്കിലും ഞാന്‍ ചിന്തിച്ചുപോയി, ആ ജലത്തിലെ സ്നാനമാണോ നമ്മെ പാപവിമുക്തരാക്കുന്നത്?? അതില്‍ മുങ്ങി നിവരുമ്പോള്‍ ശരിക്കും ആ പാപങ്ങളെല്ലാം നമ്മള്‍ ഏറ്റെടുക്കുകയല്ലേ ചെയ്യുന്നത്? മുങ്ങി നിവരുന്ന ഓരോരുത്തര്‍ക്കും ആ മഹാനദിയിലെ ‘പാപ’മാലിന്യം നീക്കി അവളെ പരിശുദ്ധയാക്കാന്‍ തോന്നാത്തതെന്തേ? അവളെപ്പോലെ തന്നെ മറ്റു പലരെയും. ഇങ്ങനെ ഒരു നൂറു ചോദ്യങ്ങളും മനസ്സിലിട്ട് ബസില്‍ കയറി ഞങ്ങള്‍ തിരികെ യാത്ര തിരിച്ചു.
ബസില്‍ തളര്‍ന്നങ്ങനെ ഇരിക്കുമ്പോള്‍ ഈ യാത്രക്കിടയില്‍ പരിചയപ്പെട്ട ഓരോരുത്തരെയും കുറിച്ച് ഞാന്‍ ആലോചിച്ചു. ശരിക്ക് ഇവരെല്ലാം ആരെന്നു ചോദിച്ചാല്‍ അറിയില്ല. യാതൊരു പരിചയവുമില്ലാത്ത വ്യക്തികള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു നീണ്ട യാത്ര. അതവസാനിക്കുമ്പോള്‍ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന തോന്നല്‍.എല്ലാവരോടും കുറേ കാലത്തെ അടുപ്പമുള്ളതുപോലെ ഒരു സ്നേഹം.എത്ര വിചിത്രമാണ്! എന്തത്ഭുതമാണ്! ജീവിതയാത്രയും ഏതാണ്ട് ഇങ്ങനൊക്കെ തന്നെയല്ലേ? ബസ്‌ തിരികെ ഡല്‍ഹിയോട്‌ അടുത്ത് തുടങ്ങി. എങ്ങും കൃഷ്ണാഷ്ടമി ഭജന്‍ മുഴങ്ങുന്നു. ഇടക്കുള്ള ഒരു സ്റ്റോപ്പില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ ഇറങ്ങി. ധൃതിപ്പെട്ട് അവര്‍ക്കെല്ലാം ‘ബൈ’ പറഞ്ഞിറങ്ങുമ്പോള്‍ മനസ്സിലെവിടെയോ ഒരു നിമിഷത്തേക്കെങ്കിലും തട്ടിയ വേദന! അതവരോടുള്ള എന്‍റെ സ്നേഹമായിരുന്നു.


ഉമ ആര്‍ 

Wednesday, May 25, 2011

ബ്രിഡ്ജ്

അവര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ ഏതോ കാലത്തെ ജലസ്രോതസ്സിനെ അനുസ്മരിപ്പിക്കുമാറ് നിലകൊണ്ട ഒരു പാലം ക്രോസ്സ് ചെയ്തു.

കുട്ടി: വൈ ഈസ്‌ ദിസ്‌ ബ്രിഡ്ജ് ഹിയര്‍ മോം? മണലില്‍ എന്തിനാ ബ്രിഡ്ജ് കെട്ടുന്നത്?
അമ്മ: ' ഇതായിരുന്നു പണ്ട് അമ്മമ്മയുടെ വീട്ടില്‍ വന്നുനില്‍ക്കുമ്പോള്‍ അമ്മയും കൂട്ടുകാരും കുളിച്ചിരുന്ന പുഴ.
കുട്ടി:വാട്ട്‌ ഈസ്‌ ദിസ്‌ പുഴ്.....പുഴ്ഹ?

അമ്മ (ഭൂതകാലത്തിലെ ഏതോ ഒരോര്‍മ്മയെ ആവാഹിച്ചെടുക്കുന്നു): 
അതോ? അത്, ഇന്നിനും നാളേയ്ക്കും അറിയാന്‍ പറ്റാത്ത; ഒരുപാട് പേരുടെ അന്നവും ആശ്രയവും ആയിരുന്ന; പലതിനെയും പരസ്പരം ബന്ധിപ്പിച്ച ; നിലക്കാത്ത ഓളങ്ങളുടെ ഒരു മേളനം...!
(ഓര്‍മ്മകള്‍ക്കിടയില്‍ എവിടെയോ വച്ച് ആ പുഴ പോലെ അവളുടെ കണ്ണുനീരും വറ്റിവരണ്ടിരുന്നു)
കുട്ടി: വാട്ട്‌ എ നോണ്‍സെന്‍സ്!..... ഒഓഹ്...... യെസ്! തകരാന്‍ പോയ തന്‍റെ റെയ്സിംഗ് കാറിനെ രക്ഷപ്പെടുത്താന്‍, അവന്‍ മൊബൈല്‍ സ്വിച്ചുകള്‍ മാറിമാറി അമര്‍ത്തിക്കൊണ്ടിരുന്നു.
അപ്പോഴേക്കും ട്രെയിന്‍ ആ പാലം ക്രോസ് ചെയ്ത് വളരെ ദൂരം പിന്നിട്ടിരുന്നു.....


                                                                                                              ഉമ ആര്‍