ഡല്‍ഹി
ജീവിതത്തിനിടയില്‍ അരുണും ഞാനും ഉമേഷും കൂടി പോയ ഒരു യാത്ര. ഋഷികേശ്, ഹരിദ്വാര്‍,
മുസ്സൂറി ട്രിപ്പ്.
2014 aug-15 നു വൈകുന്നേരം ഞങ്ങള്‍
യാത്ര തിരിച്ചു.മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ജിജ്ഞാസ കയറിക്കൂടിയിരുന്നു.
ഇതാദ്യമായാണ് ഇങ്ങനൊരു ട്രിപ്പ്. അതും ഉത്തരാഖണ്ഡ് പേമാരിയിലും
വെള്ളപ്പൊക്കത്തിലും മുങ്ങി നില്‍ക്കുമ്പോള്‍. യാത്ര രാത്രിയായതിനാല്‍ നിദ്രാ
ദേവതയോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു, അതിനൊരു ഭംഗവും വരുത്തരുതേ എന്ന്. ഏതായാലും
അവിടുന്ന് തെറ്റില്ലാത്ത രീതിയില്‍ കടാക്ഷം ലഭിച്ചു. ആദ്യം ഋഷികേശ് ആണ് എത്തുക.
എങ്കിലും ട്രിപ്പ് പ്ലാന്‍ അനുസരിച്ച് മുസ്സൂറിയില്‍ നിന്നാണ് തുടക്കം. പുലര്‍ച്ചെ
ഋഷികേശില്‍ എത്തി, പോകും വഴിയാകെ മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു.
ഗൈഡ് അവിടെ ഇറങ്ങിയ ശേഷം ട്രിപ്പ് തുടങ്ങാം എന്ന് പറഞ്ഞു. അവിടെ താല്‍ക്കാലികമായി കുളിച്ചു റെഡി ആകാന്‍ ഒരു
മുറിയും തന്നു. അവിടുന്ന് ഓരോ കാലിചായയും കുടിച്ചു വീണ്ടും യാത്ര തുടങ്ങി. ഓരോ ഇടത്താവളങ്ങളും ഞങ്ങള്‍ക്ക് പുതിയ പുതിയ
സുഹൃത്തുക്കളെ സമ്മാനിച്ചു.
ആകാശം
തെളിയുന്നതിനനുസരിച്ച് പ്രകൃതി പച്ചപ്പില്‍ കുളിച്ചു നില്‍ക്കുന്നത്
വ്യക്തമായിക്കൊണ്ടിരുന്നു. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ എത്തി എന്നത്
ഉറപ്പിക്കുമാറ് ഒരു സംസ്ഥാന ശകടം ഒച്ചയുണ്ടാക്കി കടന്നുപോയി. ബസ് ആണ് അതെന്നു
ഞങ്ങള്‍ ഒരു നിഗമനത്തിലെത്തി. ഇടയ്ക്കിടെ പട്ടാളവണ്ടികള്‍ ഞങ്ങള്‍ക്കെതിരെ കടന്നുപോകുന്നുണ്ടായിരുന്നു.
വനമേഖലയുടെ വശ്യമായ സൗന്ദര്യം മനസ്സിലാവാഹിച്ചു നിശ്ശബ്ദരായി അങ്ങനെ ഇരുന്നു. ഈ
വനവീഥികളില്‍ മഴയുടെ കയ്യോപ്പെന്നപോലെ അവ നിര്‍മ്മിച്ച നീര്‍ച്ചാലുകള്‍.
ഇരുവശങ്ങളിലും അതിമനോഹരമായ പ്രകൃതി. ഒരു വശത്ത് വനവും, മറുവശത്ത് മലനിരകളും. ഇതില്‍
ഏതു നോക്കണം എന്ന വിഷമത്തിലായിരുന്നു ഞങ്ങള്‍. നീങ്ങുംതോറും പുള്ളിമാനുകളും
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വാനര സംഘവും യാത്രയ്ക്ക് മിഴിവേകി. മഴയുടെ ഭീകരത
വിളിച്ചോതുമാറ് നദികളെല്ലാം കലങ്ങി മറിഞ്ഞ്, കടപുഴകി വീണ മരങ്ങളും കെട്ടിടത്തിന്റെയും
മറ്റും പല അവശിഷ്ടങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്നത് കണ്ടു. അഭയാര്‍ഥികള്‍
വസ്ത്രങ്ങളുമായി ക്യാമ്പിലേക്ക് വരിവരിയായി നടന്ന് പോകുന്നു. നിന്ന നില്‍പ്പില്‍
ഒരു വീടിന്‍റെ ഭാഗം നദിയിലേക്ക് ഇടിഞ്ഞു വീഴുന്നു. കരയോടു ചേര്‍ന്ന്
നിരത്തിയിട്ടിരുന്ന ലോറികള്‍ ഒഴുകി പുഴയിലേക്ക് ഒലിച്ചിറങ്ങുന്നു. ഇതിനിടയിലും
കുട്ടികള്‍ ഈ വെള്ളത്തില്‍ കളിക്കുന്നുണ്ട്, മീന്‍ പിടിക്കുന്നുണ്ട്. അവരെ
ഇതൊന്നും അലട്ടുന്നേയില്ല. എന്നാല്‍ മുകള്‍ത്തട്ടില്‍ മലകള്‍ മഞ്ഞിന്‍ പുതപ്പ്
പുതച്ചു ശാന്തമായി ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.
പതുക്കെ ഞങ്ങളുടെ
വാഹനം ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്ക് പ്രവേശിച്ചു തുടങ്ങി. നഗരത്തിന്റെ വടക്ക് ഹിമാലയവും തെക്ക് സിവാലിക്ക്
മലനിരകളും കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും സ്ഥിതി ചെയ്യുന്നു. ഒരു നഗരത്തിന്‍റെ സാധാരണ കാണുന്ന
തിരക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സ്ഥലം. പലതരം യുണിഫോമുകളില്‍ കുട്ടികള്‍
സ്കൂളിലേക്ക് ചെന്നെത്തുന്നു. നഗരവും പിന്നിട്ട് പിന്നീട് “ദി
ക്വീന്‍ ഓഫ് ഹില്‍സ്” എന്നറിയപ്പെടുന്ന മുസ്സൂറിയിലേക്ക്...
പ്രകൃതിയുടെ
സൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത മലനിരകള്‍. ഡെറാഡൂൺ മുഴുവന്‍
കാണുമാറ് ഉയരത്തില്‍ ഹെയര്‍പിന്‍ വളവുകള്‍ കറങ്ങിത്തിരിഞ്ഞ് 6000 അടി (ഏകദേശം രണ്ടു
കിലോമീറ്റര്‍) ഉയരത്തിലേക്ക് ഒരു യാത്ര. ഓരോ വളവുകള്‍ തിരിയുമ്പോഴും കാണുന്നത്
കൂടുതല്‍ കൂടുതല്‍ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍. പെയ്തു തോര്‍ന്ന മഴയുടെ ഓര്‍മ്മകള്‍
എന്നപോലെ മഴത്തുള്ളി ഇറ്റ് നില്‍ക്കുന്ന മരച്ചില്ലകള്‍. ഇതുവരെ കാണാത്ത തരം
മരങ്ങളും ചെടികളും. ഉരുള്‍പൊട്ടി ഒളിച്ചുപോന്ന കല്ലും മണ്ണുമെല്ലാം നീക്കം
ചെയ്തുകൊണ്ട് വഴിനീളെ കുറെയേറെ ആളുകള്‍ നില്‍പ്പുണ്ടായിരുന്നു.
എന്നാല്‍ ആ
യാത്രയുടെ അവസാനം ഞങ്ങള്‍ ചെന്ന് നിന്ന സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ
ഞെട്ടിച്ചു. പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ട തിരക്കേറിയ ഒരു പ്രദേശം.
ഇത്ര ഉയരത്തിലൊക്കെ എങ്ങനെ ഇത് സാധിക്കുന്നു എന്ന് അത്ഭുതം തോന്നി. അവിടെയാകെ
മൂടല്‍മഞ്ഞ് പരന്നതോടെ ഞങ്ങളുടെ നിരീക്ഷണങ്ങള്‍ക്കു വിരാമമിട്ടു. ‘കെമ്ടി ഫാള്‍’
എന്നവെള്ളച്ചാട്ടം ഞങ്ങളും ഒപ്പം നാഗരാജും ഭാര്യയും ഓടി നടന്നു കണ്ടതൊഴിച്ചാല്‍
ബഹുമാന്യനായ ഗൈഡ്ന്‍റെ പിടിപ്പുകേടുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതലൊന്നും അവിടെ
ആസ്വദിക്കാന്‍ സാധിച്ചില്ല എന്ന് വേണം പറയാന്‍. ആദ്യമായി റോപ്പ്‌വേയില്‍ കയറി
എന്നൊരു സന്തോഷം തോന്നി എനിക്ക്. മറ്റൊന്ന് ഈ യാത്രയോടെ ഞങ്ങളോടൊപ്പം ബസില്‍
ഉണ്ടായിരുന്ന ഒട്ടു മിക്ക പേരുമായും പരിചയമായി. അതില്‍ അച്ഛനും അമ്മയും രണ്ടു
പെണ്മക്കളും അടങ്ങുന്ന ഒരു ‘വലിയ’ ഫാമിലി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്
മുസ്സുറിയില്‍ വന്നു മധുവിധു ആഘോഷിച്ചതിന്‍റെ ഓര്‍മ്മകള്‍ ഞങ്ങളോട് പങ്കുവച്ചു.. ശരിക്ക് അവിടെ
കാണാനുള്ള അനേകം സ്ഥലങ്ങളെപ്പറ്റി അവര്‍ വിശദീകരിച്ചു തന്നു.
പിറ്റേന്നുള്ള മടക്കയാത്രയില്‍ ആദ്യം ഋഷികേശ് ഇറങ്ങി. പ്രകൃതിയോട് ഏറ്റം
ഇണങ്ങി നില്‍ക്കുന്ന ശിവാനന്ദ ആശ്രമത്തില്‍ പോയി. അവിടെ വച്ച് ഒരു ഗ്രൂപ്പ്
ഫോട്ടോ എടുക്കാന്‍ തുനിഞ്ഞ ഞങ്ങളുടെ സംഘത്തിലെ ഒരു പാവം മുത്തശ്ശനെ ഗൈഡ്
സമ്മതിക്കാത്തത് എന്നെ ഏറെ വിഷമിപ്പിച്ചു. വാനരസേനയുടെ അകമ്പടിയോടെ ഗംഗാനദിക്ക് കുറുകെ നിർമ്മിക്കപ്പെട്ട രാംഝൂല ,
ലക്ഷ്മണ്‍ഝൂല എന്നീ പാലങ്ങള്‍ കടന്നു. ക്ഷീണിച്ചിട്ടോ അസഹ്യമായ വെയില്‍ മൂലമോ ഗൈഡ്
ന്‍റെ പാകപ്പിഴകള്‍ മൂലമോ എന്തോ അസ്വസ്ഥതയല്ലാതെ ഒരു പവിത്രതയോ പുണ്യതയോ
തോന്നിയില്ല അവിടെ.
ഈ അസ്വസ്ഥതയുടെ
ബാക്കി പത്രമായി ഹരിദ്വാര്‍. പരിപാവനമായ ഗംഗയില്‍ ഒരു സ്നാനം! അതാണ് അവിടെ
സാധിക്കാവുന്ന അത്യുല്‍കൃഷ്‌ടമായ കര്‍മ്മം. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്ത്,
പാപങ്ങള്‍ കഴുകിക്കളഞ്ഞ് മുങ്ങി നിവരുന്ന അനേകംപേരെ കാണാം. ശുഭ & ഫാമിലിയിലെ
കുഞ്ഞു കൌശികിന്റെ മുത്തശ്ശന്‍ ഒരു കൊച്ചു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ
ഗംഗാതീരത്തിരുന്നു ബലിതര്‍പ്പണം നടത്തിയപ്പോള്‍ പൂര്‍വികരോടുള്ള പുത്രധര്‍മ്മം
തീര്‍ക്കുന്നത് ഞാന്‍ കണ്ടു.
എന്നാല്‍ അവിടെ ഞാന്‍
തൊട്ടത് പുണ്യ നദിയായ ഗംഗയെ ആയിരുന്നില്ല. കോടാനുകോടി ജനങ്ങളുടെ പാപങ്ങളും വഹിച്ച്
രൌദ്ര ഭാവം പൂണ്ട് ഒഴുകുന്ന
ഗംഗയെയായിരുന്നു. ഒരുപക്ഷെ പേമാരിയുടെ ബാക്കിപത്രമാകാം. എങ്കിലും ഞാന്‍
ചിന്തിച്ചുപോയി, ആ ജലത്തിലെ സ്നാനമാണോ നമ്മെ പാപവിമുക്തരാക്കുന്നത്?? അതില്‍
മുങ്ങി നിവരുമ്പോള്‍ ശരിക്കും ആ പാപങ്ങളെല്ലാം നമ്മള്‍ ഏറ്റെടുക്കുകയല്ലേ
ചെയ്യുന്നത്? മുങ്ങി നിവരുന്ന ഓരോരുത്തര്‍ക്കും ആ മഹാനദിയിലെ ‘പാപ’മാലിന്യം നീക്കി
അവളെ പരിശുദ്ധയാക്കാന്‍ തോന്നാത്തതെന്തേ? അവളെപ്പോലെ തന്നെ മറ്റു പലരെയും. ഇങ്ങനെ
ഒരു നൂറു ചോദ്യങ്ങളും മനസ്സിലിട്ട് ബസില്‍ കയറി ഞങ്ങള്‍ തിരികെ യാത്ര തിരിച്ചു.
ബസില്‍ തളര്‍ന്നങ്ങനെ ഇരിക്കുമ്പോള്‍ ഈ യാത്രക്കിടയില്‍ പരിചയപ്പെട്ട
ഓരോരുത്തരെയും കുറിച്ച് ഞാന്‍ ആലോചിച്ചു. ശരിക്ക് ഇവരെല്ലാം ആരെന്നു ചോദിച്ചാല്‍
അറിയില്ല. യാതൊരു പരിചയവുമില്ലാത്ത വ്യക്തികള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു നീണ്ട
യാത്ര. അതവസാനിക്കുമ്പോള്‍ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന തോന്നല്‍.എല്ലാവരോടും
കുറേ കാലത്തെ അടുപ്പമുള്ളതുപോലെ ഒരു സ്നേഹം.എത്ര വിചിത്രമാണ്! എന്തത്ഭുതമാണ്! ജീവിതയാത്രയും
ഏതാണ്ട് ഇങ്ങനൊക്കെ തന്നെയല്ലേ? ബസ് തിരികെ ഡല്‍ഹിയോട് അടുത്ത് തുടങ്ങി. എങ്ങും
കൃഷ്ണാഷ്ടമി ഭജന്‍ മുഴങ്ങുന്നു. ഇടക്കുള്ള ഒരു സ്റ്റോപ്പില്‍ അപ്രതീക്ഷിതമായി
ഞങ്ങള്‍ ഇറങ്ങി. ധൃതിപ്പെട്ട് അവര്‍ക്കെല്ലാം ‘ബൈ’ പറഞ്ഞിറങ്ങുമ്പോള്‍
മനസ്സിലെവിടെയോ ഒരു നിമിഷത്തേക്കെങ്കിലും തട്ടിയ വേദന! അതവരോടുള്ള എന്‍റെ
സ്നേഹമായിരുന്നു.
ഉമ ആര്‍
No comments:
Post a Comment